'അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്', മുല്ലപ്പള്ളിക്ക് മറുപടിയുമായി ജയരാജൻ

Published : Nov 15, 2020, 08:28 AM IST
'അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്', മുല്ലപ്പള്ളിക്ക് മറുപടിയുമായി  ജയരാജൻ

Synopsis

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രക്തം കുടിക്കുന്ന ഡ്രാക്കുള എന്നാണ് മുല്ലപ്പള്ളി തന്നെ വിളിച്ചത്. ഇപ്പോൾ അൽഷീമേഴ്‌സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും.   

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി ആക്കേണ്ടിയിരുന്നത് പി. ജയരാജൻ ആയിരുന്നെന്ന കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി. ജയരാജൻ. മുല്ലപ്പള്ളിയുടെ പ്രസ്താവന ഗൂഢ ലക്ഷ്യം വച്ചുള്ളതാണെന്നും പാർട്ടി ബന്ധുക്കളിൽ ആശയക്കുഴപ്പം  ഉണ്ടാക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രക്തം കുടിക്കുന്ന ഡ്രാക്കുള എന്നാണ് മുല്ലപ്പള്ളി തന്നെ വിളിച്ചത്. ഇപ്പോൾ അൽഷീമേഴ്‌സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും. മുല്ലപ്പള്ളി നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല തന്റെതെന്നും പി ജയരാജൻ പ്രതികരിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സ്ഥാനാർഥിയായ എനിക്ക്  “രക്തം കുടിക്കുന്ന ഡ്രാക്കുള” എന്ന വിശേഷണമാണ് ഇവർ ചാർത്തിയത്.ഇപ്പോൾ അൽഷീമേഴ്‌സ് ബാധിച്ചയാളെ പോലെ പെരുമാറുന്ന ഈ നേതാവ് പറഞ്ഞത് യു ട്യൂബിലുണ്ടാകും. ഈ മാന്യദേഹത്തിന്റെ ഇപ്പോളത്തെ എന്നെ കുറിച്ചുള്ള അഭിപ്രായപ്രകടനം എന്തിന് വേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.

നിങ്ങൾ നല്ലത് പറഞ്ഞാലോ മോശം പറഞ്ഞാലോ മാറുന്ന വ്യക്തിത്വമല്ല.എന്റേത്.ഒരു കമ്മ്യുണിസ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയ്ക്ക് പാർട്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സംഘടനാപരവുമായ കാഴ്ചപ്പാടാണ് എനിക്കുള്ളത്.പാർട്ടിയെ തകർക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്കൊപ്പമാണ് കോൺഗ്രസ്സും രംഗത്തുള്ളത്. ഇപ്പോഴത്തെ ഈ അജണ്ടയുടെ ഗൂഢലക്ഷ്യം പാർട്ടി ബന്ധുക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കുക എന്നുള്ളതാണ്‌.അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക്....

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി