
തിരുവനന്തപുരം: കണ്ണൂരിലെ മൻസൂറിന്റെ മരണത്തിൽ ദുഃഖിക്കുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ. സിപിഎം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണെന്നും ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ചത് ലീഗ് പ്രവർത്തകർ നടത്തിയ അക്രമാണെന്നും ജയരാജൻ ന്യായീകരിച്ചു.
മൻസൂറിന്‍റെ മരണത്തിൽ ദുഃഖിക്കുന്നു, സംഭവം ദൗർഭാഗ്യകരമാണ് എന്നാൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ അക്രമത്തെ തുടർന്നുള്ള സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്, സിപിഎം കൊലപാതക രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. അക്രമം നടത്തിക്കൊണ്ട് രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് അംഗീകരിക്കില്ല. പാർട്ടിയുടെ നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയതാണ് - ഇതായിരുന്നു ജയരാജൻ്റെ വാക്കുകൾ
സിപിഎം പ്രവർത്തകർ എന്നാരോപിച്ച് ലീഗ് ചില പേരുകൾ നൽകിയിട്ടുണ്ടെന്നും അതിൽ സംഭവസ്ഥലത്ത് എത്ര പേരുണ്ടായിരുന്നു എന്ന് അറിയണമെന്നും പറഞ്ഞ സിപിഎം നേതാവ് ഇപ്പോൾ അറസ്റ്റിലായ ആൾ ഭിന്നശേഷിക്കാരനാണെന്നും അവകാശപ്പെട്ടു. നന്നായി നടക്കാൻ പോലും കഴിയാത്ത ആളാണ് അതെന്നാണ് താൻ മനസിലാക്കുന്നതെന്നും ജയരാജൻ ന്യൂസ് അവറിൽ പറഞ്ഞു.
എന്നാൽ മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമായ നരനായാട്ടായിരുന്നു കാസർകോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഓടാൻ കയ്യും കാലും സ്വാധീനമില്ലെങ്കിൽ കൊല നടത്താമെന്ന് തെളിയിച്ചവരാണ് കണ്ണൂരിലെ നേതാക്കൾ. രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam