
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം പാർട്ടി വിമർശനങ്ങൾക്കെതിരെ തുറന്ന് പറച്ചിലുമായി പി ജയരാജൻ. പ്രത്യേക സാഹചര്യത്തിൽ പ്രാദേശിക കമ്മിറ്റികളുടെ ഇടപെടൽ എന്നതിന് അപ്പുറം വ്യക്തിപരമായ ഒരു പ്രാധാന്യം അതിനില്ലെന്നാണ് പി. ജയരാജന്‍റെ പരസ്യ പ്രതികരണം. കാരണഭൂതൻ പാട്ട് ചൂണ്ടിക്കാട്ടി പിണറായിക്കെതിരെ പരോക്ഷ പരാമർശവും ഉണ്ടെന്നിരിക്കെ സിപിഎമ്മിനകത്ത് പി ജയരാജന്‍റെ നിലപാടിൽ ചർച്ചകൾ സജീവമാകുന്നുണ്ട്.
വ്യക്തിപൂജ വിവാദം പി ജയരാജനെതിരെ ഉടലെടുക്കുന്നത് 2017 ലാണ്. കണ്ണൂർ തളാപ്പിലെ അമ്പാടിമുക്ക് സഖാക്കളെന്ന കൂട്ടായ്മ പിണറായി വിജയനെ അർജ്ജുനനായും പി ജയരാജനെ തേർതെളിക്കുന്ന കൃഷ്ണനായും ചിത്രീകരിച്ച് നാട്ടിലാകെ ഫ്ലക്സ് തൂക്കി. പിജെ ആർമി എന്ന പേരിൽ സോഷ്യൽ മീഡിയ കൂട്ടായ്മ കൂടി ശക്തിപ്പെട്ടതോടെ പാർട്ടി പിടിമുറുക്കി. ജയരാജന്‍റെ ജാഗ്രത കുറവിനെ സംസ്ഥാന കമ്മിറ്റി വിമർശിച്ചു, ശാസിച്ചു. വ്യക്തിപരമായ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പിന്നീട് അന്വേഷണ കമ്മീഷൻ കണ്ടെത്തിയെങ്കിലും പാർട്ടി പാർലമെന്ററി പരിഗണനകളിൽ പി ജയരാജനുണ്ടായ വൈയക്തിക നഷ്ടങ്ങളും അതിന് കാരണമായ നേതൃത്വത്തിന്‍റെ നിലപാടുകളും പലപ്പോഴും ചർച്ചയായി.
തെരഞ്ഞെടുപ്പ് തോൽവിയിലെ ഇഴകീറി ചർച്ചകൾ വിപുലീകൃത സംസ്ഥാന സമിതിയോളം വളരുകയും നേതൃമാറ്റ ആവശ്യം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വ്യക്തിപൂജ വിവാദത്തിന്‍റെ പ്രസക്തി എന്തായിരുന്നു എന്ന ചോദ്യവുമായി വീണ്ടും പി ജയരാജന്‍റെ വരവ്. കള്ളപ്രചാരണങ്ങളും കള്ളക്കേസും ജയിൽവാസവും അടക്കം പ്രത്യേക പശ്ചാത്തലത്തിൽ വ്യക്തിപരമായി കിട്ടിയ പിന്തുണയായിരുന്നു അതെന്നാണ് പി ജയരാജൻ ഇപ്പോൾ പറയുന്നത്. അതിൽ തെറ്റില്ലെന്ന് മാത്രമല്ല, തെറ്റായ തോന്നൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തേണ്ടത് തോന്നിയവർ തന്നെയാണെന്നും പി ജയരാജൻ പറഞ്ഞു വയ്ക്കുന്നു.
ഒരു പടി കൂടി കടന്ന് കാരണഭൂതൻ പാട്ടെഴുതി പിണറായി വിജയനെ പ്രകീർത്തിച്ചിട്ടില്ലേ എന്ന ചോദ്യം കൂടി മുന്നോട്ട് വയ്ക്കുന്നുമുണ്ട്. സംസ്ഥാന കമ്മിറ്റി തെറ്റെന്ന് വിലയിരുത്തിയ ഒരുവിഷയത്തിൽ അതേ കമ്മിറ്റിയിലെ മുതിർന്ന അംഗം പാർട്ടിയുടെ തീരുമാനം തെറ്റെന്ന് പരസ്യമായി നിലപാടെടുക്കുന്നതിലെ പതിവില്ലായ്മ ഒരു വശത്തുണ്ട്. അതിനപ്പുറം വ്യക്തികേന്ദ്രീകൃത പ്രവർത്തന ശൈലിക്കെതിരായി പാർട്ടിക്ക് അകത്ത് ഉരുത്തിരിയുന്ന മുറുമുറുപ്പിന് പി ജയരാജൻ പക്ഷം പിടിക്കുന്നു എന്ന രാഷ്ട്രീയ കൗതുകവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam