വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ സർക്കാർ 2 ലക്ഷം രൂപ അനുവദിച്ചു. ഇതോടൊപ്പം, 51 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 1105 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിനാണ് സർക്കാർ പ്രത്യേക തുക അനുവദിച്ചത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള ഫിനാൻഷ്യൽ

കോർപ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും. അതേസമയം, ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപയാണ് അനുവദിച്ചത്. പെൻഷൻ ഒരു മാസവും മുടങ്ങാതെ കൊടുക്കണമെന്ന യുഡിഎഫ് സർക്കാർ നയത്തിന്റെ ഭാ​ഗമായാണിത്.

51,59,472 ഗുണഭോക്താക്കളുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ നല്‍കുന്നതിനായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപ അനുവദിച്ചു. സർക്കാരിന്‍റെ ധനസഹായത്തോടെ ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്ന 16 ബോർഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കൾക്കായി 130.32 കോടി രൂപയും ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP) വാർദ്ധക്യ, ഭിന്നശേഷി, വിധവാ പെൻഷനുകളിലെ 8,46,456 പേർക്കുള്ള കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് 31-നകം വിതരണം പൂർത്തിയാക്കും.