എസ്ഐഫ്ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചു; അലനും താഹക്കും എതിരെ പി ജയരാജൻ

By Web TeamFirst Published Jan 17, 2020, 11:29 AM IST
Highlights

മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാണ് കേസ് എടുത്തതെന്ന പ്രചാരണം ശരിയല്ല. അലനും താഹക്കുമെതിരെ എൻഐഎ കേസ് എടുത്തത് വെറുതെ അല്ലെന്നും പി ജയരാജൻ.  

കോഴിക്കോട്: എസ്എഫ്ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്ന് സിപിഎം നേതാവ് പി ജയരാജൻ. എസ്എഫ്ഐയ്ക്കകത്ത്  മാവോയിസ്റ്റ് ആശയപ്രചാരണം നടത്തുകയാണ് ഇവര്‍ ചെയ്തത്. മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാണ് അലനും താഹക്കും എതിരെ കേസ് എടുത്തതെന്ന് പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ്  എൻഐഎ  ഏറ്റെടുത്തത് വെറുതെ അല്ലെന്നും പി ജയരാജൻ പറഞ്ഞു, 

ജമാഅത്ത് ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ഇന്ത്യൻ മാവോയിസത്തിന്‍റെ കവർ ഓർഗനൈസേഷനാണെന്നും സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. മാവോയിസ്റ്റുകളുടെ രഹസ്യ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പങ്കെടുക്കാറുണ്ടെന്നും പി ജയരാജൻ കോഴിക്കോട്ട് പറഞ്ഞു.

മാവോയിസവും ഇസ്ലാമിസവും എന്ന വിഷയത്തിൽ കോഴിക്കോട്ട് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു സിപിഎം നേതാവ് പി ജയരാജൻ. യുഎപിഎ ക്ക് എതിരെയും സിപിഎം പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും പാര്‍ട്ടിക്കകത്തും പുറത്തും ഏറെ വിമര്‍ശനവും എതിരഭിപ്രായവും എല്ലാം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് പി ജയരാജന്‍റെ അഭിപ്രായ പ്രകടനം എന്നതും ശ്രദ്ധേയമാണ്.

സിപിഎം  അംഗങ്ങളാണ് അലനും താഹയും. എന്നാൽ പാര്‍ട്ടി അച്ചടക്കത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന ധാരണവേണ്ട. എസ്എഫ്ഐക്ക് അകത്ത് മാവോയിസം പ്രചരിപ്പിച്ചവരാണ് ഇവരെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് പി ജയരാജൻ പറഞ്ഞത്.  

മാവോയിസ്റ്റുകളാണെങ്കിൽ അതിന് തെളിവ് നൽകാൻ കൂടി മുഖ്യമന്ത്രി തയ്യാറാകണമെന്ന് അറസ്റ്റിലായ അലനും താഹയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിക്കകത്തും ദേശീയ നേതൃത്വത്തിനും എല്ലാം കേസിൽ വിഭിന്ന അഭിപ്രായം ഉള്ളപ്പോഴും അറസ്റ്റും തുടര്‍ നടപടികളും കടുത്ത ഭാഷയിൽ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 

തുടര്‍ന്ന് വായിക്കാം: മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരണം: അലനും താഹയും...


 

click me!