
മലപ്പുറം: എം എം മണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി കെ ബഷീറിന് താക്കീത്. വംശീയ അധിക്ഷേപം ലീഗിന്‍റെ ശൈലി അല്ലെന്ന് ലീഗ് അധ്യക്ഷന്‍ സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ സൂക്ഷ്മത പാലിക്കണം. നേതാക്കൾ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. സഹിഷ്ണുത പുലർത്തണം. നിറത്തിന്‍റെ പേരിൽ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ല. ആദരവ് പുലർത്തി മാത്രമേ സംസാരിക്കാവു. ഇതിനായി പ്രാസംഗികർക്കായി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെ എന്‍ എ ഖാദറിനെതിരെയും സാദിഖലി വിമര്‍ശനം ഉന്നയിച്ചു. വിളിക്കുന്ന പരിപാടിക്കെല്ലാം പോകുന്ന പതിവില്ലെന്നായിരുന്നു വിമര്‍ശനം.
നിറത്തിന്‍റെ പേരിലാണ് എം എം മണിയെ ഏറനാട് എംഎൽഎ പി കെ ബഷീർ അധിക്ഷേപിച്ചത്. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു പി കെ ബഷീറിന്‍റെ പരിഹാസം. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീർ എംഎൽഎ പരിഹസിച്ചിരുന്നു.
എന്നാല്‍ ബഷീർ പറഞ്ഞത് വിവരക്കേടാണെന്നായിരുന്നു എം എം മണി പ്രതികരിച്ചത്. അയാൾ മുസ്ലീം ലീഗല്ലേ? അതിന്‍റെ വിവരക്കേട് അയാൾക്കുണ്ട്. ഒരിക്കൽ നിയമസഭയിൽ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്നുമായിരുന്നു എം എം മണി പറഞ്ഞത്. പി കെ ബഷീര്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോൾ മറുപടിയില്ലെന്ന് പറഞ്ഞ എം എം മണി, സമൂഹമാധ്യമങ്ങളിൽ അയാള്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണെന്നും അത് അങ്ങനെ നടക്കട്ടെയെന്നും പറഞ്ഞു.