ജലീലിന്റെ രാജി ധാർമ്മികതയുടെ പേരിലെന്നത് തെറ്റ്; അവസാന നിമിഷവും നുണ പറയാനാണ് ജലീൽ ശ്രമിച്ചതെന്ന് ഫിറോസ്

By Web TeamFirst Published Apr 13, 2021, 2:54 PM IST
Highlights

രാജി വെക്കാതെ ഹൈക്കോടതിയെ സമീപിച്ചത് തന്നെ തെറ്റാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ താൻ ജലീലിനെതിരെ ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷിക്കും. ജലീലിൻ്റെ രാജി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കണ്ണൂർ ലോബിക്കേറ്റ തിരിച്ചടിയാണ്. 

കോഴിക്കോട്: രാഷ്ട്രീയ ധാർമികതയുടെ പേരിലാണ് രാജിയെന്ന കെ ടി ജലീലിൻ്റെ വാദം തെറ്റാണെന്ന്  യൂത്ത് ലീ​ഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ധാർമ്മികത ഉണ്ടെങ്കിൽ ജലീൽ നേരത്തെ രാജി വെക്കണമായിരുന്നു. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജി വെക്കാനുള്ള തീരുമാനം എടുത്തത്. അവസാന നിമിഷവും നുണ പറയാനാണ് ജലീൽ ശ്രമിച്ചതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. 

രാജി ധാർമികതയുടെ പേരിലായിരുന്നെങ്കിൽ ആരോപണമുയർന്നപ്പോൾ തന്നെ ജലീൽ രാജി വെക്കണമായിരുന്നു. ലോകായുക്ത വിധി അംഗീകരിക്കേണ്ടതില്ലെന്ന് ജലീൽ ആദ്യ ഘട്ടത്തിൽ പറഞ്ഞു. തനിക്കെതിരെ വ്യക്തിപരമായ ആരോപണവും കളിയാക്കലുമുണ്ടായി. ഹൈക്കോടതിയിൽ നിന്ന് നേരത്തെ ഫിറോസിനെതിരെ വിധി വന്നെന്ന് മന്ത്രി കളവ് പറഞ്ഞു. ഹൈക്കോടതി തള്ളിയ കേസാണെന്നും മന്ത്രി കള്ളം പറഞ്ഞു. 

മന്ത്രിയുടെ രക്തം ഊറ്റിക്കുടിക്കാൻ ആരും ശ്രമിച്ചില്ല, പൊതു ജനത്തിൻ്റെ നികുതി പണം ഊറ്റാനാണ് മന്ത്രി ശ്രമിച്ചത്. മന്ത്രി ചെയ്ത എല്ലാ സ്വജനപക്ഷപാതത്തിനും മുഖ്യമന്ത്രി കൂട്ടുനിന്നു. ഇ പി ജയരാജന് ലഭിക്കാത്ത ആനുകൂല്യം ഇത്രയും കാലം ജലീലിന് കിട്ടി. മുഖ്യമന്ത്രിക്കും തെറ്റിൽ പങ്കുണ്ട്.അദ്ദേഹവും കൂട്ടുപ്രതിയാണ്. ജലീൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്ഥിതിക്ക് മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. മുഖ്യമന്ത്രിയുടെ അടുത്ത നീക്കമറിയാൻ പൊതു ജനത്തിന് താൽപര്യമുണ്ട്. 

യു ഡി എഫ് അധികാരത്തിൽ വന്നാൽ കേസ് വിജിലൻസിന് കൈമാറും. അഴിമതിയുമായി ബന്ധപ്പെട്ട കേസ് വിജിലൻസിന് കൈമാറാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. നിയമ മന്ത്രിക്ക് നിയമമറിയാത്തത് കൊണ്ടാണോ രാജി വെക്കേണ്ടതില്ലെന്ന് പറയുന്നത്? രാജി വെക്കാതെ ഹൈക്കോടതിയെ സമീപിച്ചത് തന്നെ തെറ്റാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ താൻ ജലീലിനെതിരെ ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷിക്കും. ജലീലിൻ്റെ രാജി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കണ്ണൂർ ലോബിക്കേറ്റ തിരിച്ചടിയാണ്. രാജിയുമായി ബന്ധപ്പെട്ട് സി പി എമ്മിൽ രണ്ടഭിപ്രായമുണ്ടായിരുന്നു. രാജി വെക്കാത്തതിനെ മറ്റ് മന്ത്രിമാർ എതിർത്തിരുന്നു. തീവ്രവാദ സംഘടനകളുമായുള്ള പാലം എന്ന നിലയ്ക്കാണോ മുഖ്യമന്ത്രി ജലീലിനെ കൊണ്ട് നടന്നത്? ചീഞ്ഞു നാറുന്ന പലതും പുറത്തു വരും. അപ്പോൾ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരിക സി പി എമ്മിലെ ഉന്നതരായിരിക്കുമെന്നും ഫിറോസ് പറഞ്ഞു. 
 

click me!