
കോഴിക്കോട്: കെ ടി ജലീലിനെതിരായ ആരോപണങ്ങൾ കടുപ്പിച്ച് പി കെ ഫിറോസ്. തെളിവെടുപ്പ് നടത്തിയില്ലെന്ന ജലീലിന്റെ വാദവും പൊളിഞ്ഞുവെന്ന് പറഞ്ഞ ലീഗ് നേതാവ് ഹൈക്കോടതി വിധി എതിരാകുമെന്നത് കൊണ്ടായിരുന്നു ജലീലിന്റെ രാജിയെന്ന് വ്യക്തമായെന്നും അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ വാദം കേട്ട ശേഷമായിരിക്കും ലോകായുക്ത വിധിയെന്ന് വ്യക്തമായെന്നും ഫിറോസ് പറഞ്ഞു.
മന്ത്രിയുടെ ഹർജി ഫയലിൽ പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയത്. ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണം. എന്തിന് മുഖ്യമന്ത്രി ഇതിന് കൂട്ടുനിന്നുവെന്ന് പുറത്ത് പറയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. തെറ്റ് ചെയ്തെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം എന്ന് ജലീൽ നിയമസഭയിൽ പറഞ്ഞിരുന്നു, ലോകായുക്തയുടെ കണ്ടെത്തൽ ഹൈക്കോടതി കൂടി ശരിവെച്ചു ഇനി വാക്ക് പാലിക്കാൻ ജലീൽ തയ്യാറുണ്ടോയെന്നാണ് ഫിറോസിന്റെ വെല്ലുവിളി.
കള്ളംപറഞ്ഞതിൽ ജലീലിന് കുറ്റബോധമുണ്ടോയെന്ന് ചോദിച്ച ഫിറോസ് മേയ് രണ്ടിന് യുഡിഎഫ് അധികാരത്തിൽ വരുമെന്നും പിണറായി വിജയനെതിരായ പ്രോസിക്യൂഷൻ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവകാശപ്പെട്ടു.
ജലീലിൻ്റെ മുഖം വികൃതമാണ്, അത് സർജറി കൊണ്ടല്ല. യഥാർത്ഥമുഖം ഇപ്പോൾ ജനം കണ്ടു. മാധ്യമങ്ങളുടെ മുന്നിൽ ജലീൽ വരണം പി കെ ഫിറോസ് ആവശ്യപ്പെട്ടു. ജലീൽ സർജറി ചെയ്തു എന്നതും കളവാകാൻ സാധ്യതയുണ്ടെന്നും ജലീൽ മുമ്പ് പറഞ്ഞ കള്ളം വെച്ച് നോക്കുമ്പോൾ ഇതും അങ്ങനെയാവാനാണ് സാധ്യതയെന്നാണ് ലീഗ് യുവനേതാവിന്റെ പരിഹാസം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam