
മലപ്പുറം: വിജിലൻസ് കേസുകളിൽ കെ എം ഷാജിക്ക് മുസ്ലിം ലീഗിന്‍റെ പിന്തുണ. കൊലക്കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം വിജിലൻസിനെ ഉപയോഗിച്ച് ഷാജിയെ വേട്ടയാടുകയാണെന്ന് ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും ആരോപിച്ചു. അനധികൃത സ്വത്ത് കേസിന് പിന്നാലെ റെയ്ഡ് നടത്തി അരക്കോടിയോളം രൂപ ഷാജിയുടെ വീട്ടിൽ നിന്നും വിജിലൻസ് പിടികൂടിയ സംഭവത്തിലാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുസ്ലിം ലീഗ് ഉന്നതാധികാരസമിസമിതിയംഗമായ പാണക്കാട് സാദിഖലി തങ്ങളും ഷാജിക്ക് പാർട്ടി ഉറച്ച പിന്തുണ നൽകുമെന്ന് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടന്ന വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. റെയ്ഡ് അനവസരത്തിലാണെന്നും കണ്ണൂർ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാന് വേണ്ടിയായിരുന്നു ഇതെന്ന് സംശയിക്കണമെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരെഞ്ഞടുപ്പ് ചെലവിലേക്ക് സ്ഥാനാർത്ഥികൾ ചെറിയ ചെറിയ തുകകൾ ശേഖരിച്ച് വെക്കുന്നത് പതിവുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം വെച്ചാണ് ഷാജിക്കെതിരായ പ്രത്യേക നീക്കം നടക്കുന്നത്. കൊലപാതകത്തെ വിമർശിച്ചതാണ് കെ എം ഷാജിക്കെതിരായ ഇത്തരമൊരു നീക്കത്തിന് കാരണമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കെ ടി ജലീലിൻ്റെ രാജി വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. നിർവാഹമില്ലാതെ ആയപ്പോഴായിരുന്നു രാജി. ഇത് കോടതി പുറത്താക്കിയതുപ്പോലെയായി എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അരക്കോടിയോളം രൂപ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ഷാജി വിജിലൻസിന് മുമ്പാകെ ഇനിയും തെളിവുകൾ ഹാജരാക്കിയില്ല. അടുത്ത ദിവസം തന്നെ ഷാജിയുടെ മൊഴിയെടുക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam