പി കെ ശശി കെടിഡിസി ചെയര്‍മാര്‍; പുതിയ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്

By Web TeamFirst Published Aug 31, 2021, 4:40 PM IST
Highlights

ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ നടപടി നേരിട്ട പി കെ ശശിക്ക് ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. 

തിരുവനന്തപുരം: ഷൊർണ്ണൂർ മുൻ എംഎൽഎ പികെ ശശിയെ കെ‍ടിഡിസി ചെയർമാനായി നിയമിച്ചു. എം വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ്  പി കെ ശശിക്ക് നിയമനം നല്‍കിയത്. ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്‍റെ പീഡന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട നേതാവാണ് പി കെ ശശി. പീഡന പരാതിയെ തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നൽകാതെ ശശിയെ മാറ്റിനിർത്തുകയായിരുന്നു. വനിതാ നേതാവിന്‍റെ പരാതിയെ തുടർന്ന് പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

2019 നവംബർ 26 നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടി എടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശുപാര്‍ശ. സസ്പെൻഷൻ കാലാവധിക്ക് ശേഷം ശശിയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!