
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വെക്കരുതെന്നും പോരാട്ടം തുടരുക തന്നെയെന്നും ദിവ്യ കുറിച്ചു. ചിത്രകാരൻ പൊന്ന്യം ചന്ദ്രന്‍റെ വരികളും വരയുമാണ് പി പി ദിവ്യ ഫേസ് ബുക്കിൽ പങ്കുവച്ചത്. കേസിനെ കുറിച്ചൊന്നും പറയാതെയാണ് കുറിപ്പ്.
കുറിപ്പിന്‍റെ പൂർണരൂപം
"എല്ലാ പ്രതിസന്ധിയെയും
ഏതവസരത്തിലും മറികടക്കാനാവണം....
അനീതി കൺകുളിർക്കെ
കാണാനുള്ള കരുത്തും
അഭിപ്രായം പറയാനുള്ള
ആർജ്ജവവും
അടിയറവ് വെക്കരുത്
പോരാട്ടം തുടരുക തന്നെ..
പ്രിയ ചിത്രകാരൻ പൊന്ന്യം ചന്ദ്രേട്ടന്റെ വരികളും വരയും നൽകിയ ഊർജത്തിന് നന്ദി...."
എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടത്. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി പി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ വാദം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം പറഞ്ഞു. എന്നാൽ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam