
തിരുവനന്തപുരം: സംസ്ഥാന നിയമസഭ നൽകിയ അധികാരങ്ങളേ ഗവർണർക്കുള്ളൂവെന്നും സർവ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം ഗവർണർക്കില്ലെന്നും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവർണറുടെ തീരുമാനം അങ്ങേയറ്റം തെറ്റാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ശോഭ കെടുത്തും എന്നതിനാൽ കേരളം മുൻപ് തന്നെ ഇത് തള്ളിക്കളഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. ചാൻസിലർ പദവി ഉപയോഗിച്ച് ഗവർണർ രാജേന്ദ്ര ആർലേകർ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സർവകലാശാലകൾ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പണം കൊണ്ടാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഇത്തരം കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് പദവിയുടെ ദുരുപയോഗമാണെന്നും മന്ത്രി വിമർശിച്ചു. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ നിയമം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. ആർഎസ്എസ് അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ആരും അത് അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭരണകൂടം ഉപയോഗപ്പെടുത്തുന്നത്. പ്രാദേശികമായ വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നത് വിഷയത്തിന്റെ ഗൗരവം കുറയ്ക്കാനാണ്. പ്രശ്നത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി രാജീവ് ആവശ്യപ്പെട്ടു.