
തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ ഉന്നയിച്ച വാദങ്ങൾ തള്ളി സി പി എം. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ഈ വിഷയത്തിൽ അദ്ദേഹം ബി ജെ പി നിലപാടാണ് സ്വീകരിക്കുന്നതെന്നും മുന വ്യവസായ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് ആരോപിച്ചു. നിലവിൽ വഖഫ് ബോർഡിലെ രണ്ട് ഒഴിവുകൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ഒഴിച്ചിട്ടത്. അല്ലാതെ അമുസ്ലിം അംഗങ്ങൾക്കാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കുകയാണെന്നും, ടാറ്റയുമായി എൽ ഡി എഫ് സർക്കാർ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നതാണെന്നും മുൻ വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു.
വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടി വരുമെന്ന നിലപാട് നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന സർക്കാരും വ്യക്തമാക്കിയിരുന്നു. ബോർഡ് പുനസംഘടന നടത്തുമ്പോൾ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താം എന്ന് സർക്കാർ കോടതിയെ അറിയിച്ചു. വഖഫ് ബോഡിന്റെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബോർഡ് പുനസംഘടിപ്പിക്കുമ്പോൾ ആനുപാതികമായി ഇതര സമുദായിക്കാരെ ഉൾപ്പെടുത്താമെന്ന് അറിയിച്ചത്. എന്നാൽ നിലവിലുള്ള ബോർഡിൽ ഇവരെ രണ്ടുപേരെ ഉൾപ്പെടുത്തുന്നതിന് പകരം പൂർണ്ണ പുനസംഘടനയാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പുതുക്കിയ കേന്ദ്ര നിയമം പാലിക്കേണ്ടി വരുമെന്നും അതിന് വഴിയൊരുക്കിയത് പിണറായി സർക്കാർ ആണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വിശദീകരിച്ചു.
വഖഫ് ബോർഡിന്‍റെ കാര്യത്തിൽ സതീശൻ സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് ആണ് വെട്ടിലായിരിക്കുന്നത്. അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുക എന്നുള്ളത് സർക്കാർ നിലപാടെല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ മുസ്ലിം ലീഗിന്റെ വിശദീകരണം. എന്നാൽ കോടതി ഇക്കാര്യം നേരിട്ട് ചോദിച്ചതോടെ സർക്കാറിന് വഴങ്ങേണ്ടി വന്നു. വഖഫ് ബോർഡിൽ യു ഡി എഫ് സർക്കാർ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തില്ല എന്ന ലീഗിന്റെ നിലപാട് നിയമപരമായി പാലിക്കാൻ സർക്കാരിനാകില്ല. ഒരു ഷിയാ മുസ്ലിം അംഗത്തെ കൂടി ബോർഡിൽ ഉൾപ്പെടുത്തേണ്ടി വരും. ചുരുക്കത്തിൽ കേന്ദ്രനിയമം കേരളത്തിൽ നടപ്പിലാക്കുമ്പോൾ ഇതര മതസ്ഥർ ഉണ്ടാകും. പക്ഷേ യു പിയിലും മറ്റും ഉണ്ടായത് പോലെ പൂർണ്ണ സംഘപരിവാർ അനുകൂലികൾ ആവില്ല സർക്കാർ നോമിനികൾ എന്നതിനാൽ തൽക്കാലം മറ്റ് തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് ആശ്വസിക്കാം.
പുതുക്കിയ കേന്ദ്ര നിയമം പാലിക്കേണ്ടി വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സതീശൻ, അതിന്‍റെ പഴിയെല്ലാം പിണറായി സർക്കാരിന്‍റെ തലയിലാണ് കെട്ടിവയ്ക്കുന്നത്. വഖഫ് ബോർഡ് വിവാദത്തിൽ പ്രതിപക്ഷനേതാവ് വർഗ്ഗീയ പ്രചാരണം നടത്തുകയാണെന്നടക്കം മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചു. ബോർഡിൽ രണ്ട് അമുസ്ലീംങ്ങളെ വെക്കാമെന്ന് എൽ ഡി എഫ് സർക്കാർ തീരുമാനമെടുത്തതാണ്. കേന്ദ്രത്തിന്‍റെ പുതിയ നിയമനം അനുസരിച്ച് അമുസ്ലീംങ്ങളെ ബോർഡിൽ വെക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്. ഇക്കാര്യത്തിൽ കോടതി നിലപാട് അനുസരിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam