വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സ്പീക്ക‍ർ പി ശ്രീരാമകൃഷ്ണൻ പദ്ധതിയിട്ടെന്ന് സ്വപ്നയുടെ മൊഴി

By Web TeamFirst Published Mar 23, 2021, 4:01 PM IST
Highlights

ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. കേരള ഹൈക്കോടതിയിൽ നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്

തിരുവനന്തപുരം: വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സ്പീക്ക‍ർ പി ശ്രീരാമകൃഷ്ണൻ പദ്ധതിയിട്ടെന്ന സ്വ‍ർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. മിഡിൽ ഈസ്റ്റ് കോളേജിൻ്റെ ബ്രാഞ്ച് ഷാർജയിൽ തുടങ്ങാനായിരുന്നു നീക്കം. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ സ്പീക്കർ ഷാർജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. കേരള ഹൈക്കോടതിയിൽ നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

ഡോള‍ര്‍ കടത്ത് ഇതിന്റെ ഭാഗമാകാം എന്ന സംശയമാണ് ഇഡിക്കുള്ളത്. എന്നാൽ എപ്പോൾ ചോദ്യം ചെയ്യാനാകുമെന്ന സംശയമുണ്ട്. സ്പീക്കറുടെ ഭരണഘടനാ പദവി അദ്ദേഹത്തിന് സംരക്ഷണമായിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള തടസങ്ങൾ ഇ‍ഡിക്ക് വെല്ലുവിളിയാകില്ല. വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലുണ്ടായേക്കും.

സ്പീക്ക‍ര്‍ക്ക് തിരിച്ചടിയുണ്ടാകുന്ന മൊഴിയാണിത്. 2017 ഏപ്രിലിൽ സ്വപ്ന ഒമാനിൽ എത്തിയിരുന്നു. ഈ സമയത്ത് എം ശിവശങ്കറും ഫ്രാൻസിൽ നിന്ന് ഒമാനിലേക്ക് വന്നിരുന്നു. അവിടെ വച്ച് ഇരുവരും ചേ‍ര്‍ന്ന് മിഡിൽ ഈസ്റ്റ് കോളേജിന്റെ ഡയറക്ടറായ ഖാലിദ് എന്നയാളുമായി ച‍ര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഇതിന് വേണ്ടിയാണോ ഡോള‍ര്‍ കടത്തിയതെന്ന അന്വേഷണമാണ് നടക്കുന്നത്.

click me!