ഗവര്‍ണറെ തിരിച്ച് വിളിക്കൽ പ്രമേയം;ചെന്നിത്തലയുടെ നോട്ടീസിൽ പിഴവില്ലെന്ന് സ്പീക്കര്‍

By Web TeamFirst Published Jan 28, 2020, 11:39 AM IST
Highlights

പ്രമേയം സഭാ ചട്ടങ്ങൾക്ക് എതിരല്ല. സഭയുടെ സ്ഥിതിയും സഭാ നാഥന്‍റെ അഭിപ്രായവും അനുസരിച്ചാണ് തീരുമാനം വരുന്നത്. പ്രമേയത്തിന്‍റെ ഉള്ളടക്കത്തിൽ സ്പീക്കര്‍ക്ക് ഇടപെടേണ്ട കാര്യമില്ല. 

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരണത്തിന് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയതിൽ തെറ്റൊന്നും ഇല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ നേതാവിന്‍റെ നോട്ടീസ് സഭാ ചടങ്ങൾക്ക് എതിരല്ല. മുൻകാല കീഴ്‍വഴക്കങ്ങളുടേയും നടപടികളുടേയും അടിസ്ഥാനത്തിലാണ് ആ തീരുമാനത്തിൽ എത്തിയത്.  നടപടിക്രമങ്ങളെ കുറിച്ചും സഭാ ചട്ടം വിശദമായി പറയുന്നുണ്ട്.

സമയം നീക്കി വക്കലും ചര്‍ച്ചയും സംബന്ധിച്ച് സഭയുടെ പൊതു സ്ഥിതിയും സമയവും അനുസരിച്ച് കാര്യോപദേശക സമിതി ചര്‍ച്ച ചെയ്ത് , സഭാ നാഥനായ മുഖ്യമന്ത്രിയുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും തീരുമാനമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു.

സഭയുടെ സ്ഥിതിയും സഭാ നാഥന്‍റെ നിര്‍ദ്ദേശവും അനുസരിച്ചാണ് തീരുമാനം വരുന്നത്. പ്രമേയത്തിന്‍റെ ഉള്ളടക്കത്തിൽ സ്പീക്കര്‍ക്ക് ഇടപെടേണ്ട കാര്യമില്ല. പ്രമേയത്തിന് അനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറ‍ഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ നിയമസഭാ നടപടിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധം അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ തയ്യാറാക്കി ക്യാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ വായിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും  സ്പീക്കര്‍ പറഞ്ഞു. 

click me!