കടമ്പ്രയാർ മാലിന്യ വിഷയത്തിൽ കൊമ്പ് കോർത്ത് പി ടി തോമസും സാബു ജേക്കബും; നിയമനടപടിയെടുക്കുമെന്ന് കിറ്റെക്സ്

By Web TeamFirst Published Jun 22, 2021, 2:58 PM IST
Highlights

തന്റെ ബോധ്യത്തിലാണ് കടമ്പ്രയാർ വിഷയത്തിൽ ഇടപെട്ടതെന്ന് പറഞ്ഞ പി ടി തോമസ് കമ്പനി അടച്ച് പൂട്ടിക്കാനല്ല മറിച്ച് നിയമ പ്രകാരം പ്രവർത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി.

കൊച്ചി: കടമ്പ്രയാർ മാലിന്യ വിഷയത്തിൽ പി ടി തോമസിനെതിരെ  നിയമനടപടിയുമായി കിറ്റെക്സ് കമ്പനി. നൂറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി ടി തോമസിന് വക്കീൽ നോട്ടീസ് അയക്കുമെന്ന് കമ്പനി എംഡി  സാബു എം ജേക്കബ് പറഞ്ഞു. എംഎൽഎക്ക് മാലിന്യ വിഷയത്തിൽ ഒന്നും തെളിയിക്കാൻ കഴിയില്ലെന്ന വെല്ലുവിളി സാബു ജേക്കബ് ആവർത്തിച്ചു. 

കിറ്റെക്സിനെതിരായ ആരോപണങ്ങൾ കടുപ്പിച്ച് പി ടി തോമസ് വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് സാബു എം ജേക്കബ് വക്കീൽ നോട്ടീസ് അയക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയത്. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കിറ്റകസ് കമ്പനി മാനദണ്ഡ‍ങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് പി ടി തോമസ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ഉണ്ടെന്നും എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

കഴിഞ്ഞ ഡിസംബറിൽ ആണ് ഇതെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ താൻ ഇത് ചൂണ്ടിക്കാട്ടിയിരുന്നെന്നും പി ടി തോമസ് പറഞ്ഞു. ഇതേ തുടർന്നാണ് തനിക്കെതിരെ മൂന്ന് മാസത്തിനിപ്പുറ൦ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയെ നിർത്തിയതെന്നാണ് പി ടി യുടെ ആരോപണം. 

തന്റെ ബോധ്യത്തിലാണ് കടമ്പ്രയാർ വിഷയത്തിൽ ഇടപെട്ടതെന്ന് പറഞ്ഞ പി ടി തോമസ് കമ്പനി അടച്ച് പൂട്ടിക്കാനല്ല മറിച്ച് നിയമ പ്രകാരം പ്രവർത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി. കിറ്റെക്സ് മാലിന്യം സർക്കാർ സംവിധാനങ്ങൾ നേരത്തെ കണ്ടെത്തിയ റിപ്പോർട്ടുകളും പി ടി തോമസ് പുറത്ത് വിട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!