'അന്‍വറിന്‍റെ ആക്ഷേപം ചട്ടലംഘനം'; സതീശന് എതിരായ ആരോപണം സഭാരേഖകളില്‍ നിന്ന് നീക്കി

By Web TeamFirst Published Oct 29, 2021, 1:54 PM IST
Highlights

ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ സതീശന്‍ അൻവറിന് കിളി പോയെന്നും പരിഹസിച്ചു. 

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ (V D Satheesan)  പി വി അൻവർ (p v anvar) ഉന്നയിച്ച ആരോപണം നിയമസഭാ രേഖകളിൽ നിന്ന് നീക്കി. നിയമനിർമ്മാണ ചർച്ചയ്ക്കിടെയാണ് അൻവൻ സതീശനെതിരെ ആരോപണമുന്നയിച്ചത്. ഒരു എംഎൽഎ മറ്റൊരു എംഎൽഎക്കെതിരെ ആരോപണം ഉന്നയിക്കാൻ പാടില്ലെന്ന ചട്ടം അൻവൻ ലംഘിച്ചുവെന്ന് വ്യക്തമാക്കിയ സ്പീക്കർ എം ബി രാജേഷ് മുൻകൂട്ടി എഴുതി നൽകാതെ ആരോപണം ഉന്നയിച്ചുവെന്നും വ്യക്തമാക്കി. അതിനാൽ ആരോപണവും അതിന് വി ഡി സതീശൻ നൽകിയ വിശദീകരണവും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതായി സ്പീക്കർ വ്യക്തമാക്കി.

പറവൂര്‍ കേന്ദ്രീകരിച്ച് നടന്ന മണി ചെയിൻ തട്ടിപ്പില്‍ സതീശന് മുഖ്യ പങ്കെന്നായിരുന്നു സഭയ്ക്ക് അകത്തും പുറത്തും അൻവര്‍ ഉയര്‍ത്തിയ ആരോപണം. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ സതീശന്‍ അൻവറിന് കിളി പോയെന്ന്  പരിഹസിച്ചു. മണി ചെയിൻ ആരോപണം 32 കൊല്ലം മുൻപുള്ളതാണ്. അന്ന് താൻ പറവൂരില്ല. തനിക്കതിരെ ആരോപണം ഉന്നയിക്കുന്നത് പ്രശസ്തി കിട്ടാനെന്നും സതീശൻ വിമര്‍ശിച്ചു. പി വി അൻവര്‍ നിയമസഭയില്‍ നിന്ന് അനുമതിയില്ലാതെ അവധിയെടുത്തത് സതീശൻ ചോദ്യം ചെയ്തതോടെയാണ് വിവാദത്തിന് തുടക്കം. ഫേസ്ബുക്കിലൂടെ സതീശന് മറുപടി പറഞ്ഞ അൻവര്‍ സഭയില്‍ മടങ്ങിയെത്തി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. തന്‍റെ എല്ലാ സംരഭങ്ങളും നിർത്തി  രാഷ്ട്രീയത്തിന് മൂര്‍ച്ച കൂട്ടുമെന്നും അൻവര്‍ പ്രതികരിച്ചു. 

click me!