
മലപ്പുറം: എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ വീണ്ടും പ്രതികരണവുമായി ഇടതുപക്ഷ എംഎൽഎ പി വി അൻവർ. എഡിജിപി ലോ ആൻഡ് ഓർഡർ ചുമതലയിൽ ഈ കേസുമായി ബന്ധമുണ്ടെന്ന് താൻ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു. എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണ സംഘം നേരിട്ട് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നുവെന്ന് അൻവർ പറഞ്ഞു.
നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസിൽ എടവണ്ണ പൊലീസ് പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അന്വേഷണത്തിനായി വിചാരണ നിർത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും കോടതി അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം കഴിഞ്ഞ ദിവസം തന്നെ, അതായത് താൻ ഈ ആരോപണം ഉയർത്തിയ ശേഷം എങ്ങനെ ലഭിച്ചു എന്നത് അന്വേഷണവിധേയമാക്കേണ്ടതാണ്. പൊലീസിന്റെ തലപ്പത്തുള്ള ചില ആരോപണവിധേയർക്ക് കരിപ്പൂരിലെ സ്വർണ്ണക്കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ റിദാന്റെ ഐഫോണിൽ ഉണ്ടായിരുന്നെന്നും ആ തെളിവ് നശിപ്പിക്കാൻ വേണ്ടി റിദാനെ കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് ഈ ഫോൺ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇത് തന്നെയാണ് ഈ കേസിലെ ദുരൂഹതയും. അന്വേഷണം അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചന നടക്കുന്നുണ്ട്. ഈ വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്താതെ നിർവ്വാഹമില്ല. പുതിയ പ്രത്യേക അന്വേഷണ സംഘം ഈ കേസിന്റെ പുനരന്വേഷണം നടത്തുകയും വേണം. പി വി അൻവർ ഇടപെട്ടു എന്നതിന്റെ പേരിൽ റിദാന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെടരുത് എന്ന നിർബന്ധം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam