'മറുപടി പറയാൻ സൗകര്യമില്ല', ക്ഷോഭിച്ച് പി വി അൻവർ, ഇ ഡിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു

By Web TeamFirst Published Jan 16, 2023, 9:33 PM IST
Highlights

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎൽഎ മറുപടി പറയാൻ സൗകര്യമില്ലെന്നും പറഞ്ഞു. 

കൊച്ചി : ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്തതിനോട് പ്രതികരിക്കാതെ പി വി അൻവർ എം എൽ എ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ചാണ് പി വി അൻവർ പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎൽഎ മറുപടി പറയാൻ സൗകര്യമില്ലെന്നും പറഞ്ഞു. 

10 വ‍ർഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി പി വി അൻവർ എം എൽ എയെ വിളിച്ചുവരുത്തിയത്. തന്‍റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ 10 ശതമാനം ഷെയർ നൽകാമെന്നും അൻവർ തെറ്റിദ്ധരിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ വ്യവസായി സലീം ഇഡിയ്ക്ക് മൊഴി നൽകിയത്. 

മാസം തോറും 50000 രൂപവീതം ലാഭ വിഹിതമായി നൽകാമെന്നും അറിയിച്ചു. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അൻവറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം എൻഫോഴ്സ്മെന്‍റിനോട് പറ‍ഞ്ഞത്. പണം നൽകിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് തന്‍റെ പക്കൽ നിന്ന് പണം വാങ്ങിയതെന്നും സലീം ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് അൻവറിനെ ഇ ഡി വിളിച്ച് വരുത്തിയത്. സാമ്പത്തിക ഇടപാടിൽ കളളപ്പണം ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്. ഇടപാടുമായി ബന്ധമുളള നിരവധിപ്പേരുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. 

click me!