
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ മുപ്പത് വർഷത്തിനപ്പുറം നടക്കേണ്ട വികസന പ്രവർത്തനങ്ങൾ പത്ത് വർഷം കൊണ്ട് യാഥാർത്ഥ്യമായെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞ വാഗ്ദാനങ്ങൾക്കും അപ്പുറമുള്ള നേട്ടങ്ങൾ കൈവരിക്കാൻ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 30000 കിലോമീറ്റർ വരുന്ന പിഡബ്ല്യുഡി റോഡുകളിൽ പകുതിയെങ്കിലും ബിഎംബിസി നിലവാരത്തിലാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ അത് 60 ശതമാനത്തോളം 18,000 കി.മീ പൂർത്തിയാക്കാൻ സാധിച്ചു. ഈ റോഡുകൾക്ക് എട്ട് വർഷം വരെ തകരാറുകൾ സംഭവിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി.
അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ എന്നതായിരുന്നു ലക്ഷ്യമെങ്കിൽ അത് 200 ആയി വർദ്ധിപ്പിച്ചു. പെരുമ്പടം പാലം, അമ്പൂരി പാലം, കോഴിക്കോട്ടെ പുതിയ പാലം എന്നിവയെല്ലാം ജനങ്ങൾക്കിടയിൽ തരംഗമായ പദ്ധതികളാണ്. റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയതിലൂടെ മാത്രം 32 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് ലഭിക്കുന്നത്. പോരായ്മകൾ നേരിട്ട് പരിശോധിക്കാൻ മന്ത്രി തന്നെ ഫീൽഡിൽ ഇറങ്ങുന്ന രീതിയും ഗുണകരമായി. റോഡുകളുടെ പരിപാലന ചുമതലയുള്ള കരാറുകാരുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചത് സുതാര്യത ഉറപ്പുവരുത്തി.
വികസന പദ്ധതികൾക്ക് 'പൊൻമുട്ടയിടുന്ന താറാവ്' എന്നാണ് കിഫ്ബിയെ മന്ത്രി വിശേഷിപ്പിച്ചത്. വരുമാനം കുറവായ കേരളത്തിന് കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യത്തിൽ കിഫ്ബി ഫണ്ട് വലിയ തുണയായി. ദേശീയപാത വികസനത്തിനായി 5000 കോടി രൂപ ഒറ്റയടിക്ക് അനുവദിച്ചത് കിഫ്ബി വഴിയാണ്. നൂറ് കിലോമീറ്ററോളം പണി മാത്രമാണ് ഇനി അവശേഷിക്കുന്നത്. ചില റീച്ചുകളിൽ കരാറുകാരുടെ അനാസ്ഥ കാരണമാണ് വൈകുന്നത്. നടക്കില്ലെന്ന് പലരും കരുതിയ തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിംഗ് അടക്കം പൂർത്തിയാക്കി പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതും ഹൈടെക് ക്ലാസ് മുറികളും പുസ്തകങ്ങൾ നേരത്തെ ലഭ്യമാക്കുന്നതും വലിയ മാറ്റമാണ്. പുതിയ ആശുപത്രി കെട്ടിടങ്ങളും ആരോഗ്യ മേഖലയുടെ മുഖച്ഛായ മാറ്റി.
ബിജെപിക്കോ മറ്റേതെങ്കിലും മതവർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ കേരളത്തിൽ വളരാൻ സാധിക്കില്ല. കേരളം മതേതരമാണ്. വെള്ളാപ്പള്ളി നടേശൻ എൽഡിഎഫിന്റെ ഭാഗമല്ലെന്നും അദ്ദേഹം എന്ത് പറയണമെന്ന് തീരുമാനിക്കുന്നത് തങ്ങളല്ലെന്നും മന്ത്രി പറഞ്ഞു. വർഗീയ നിലപാടുകളെ സർക്കാർ എപ്പോഴും എതിർത്തിട്ടുണ്ട്. പിആർ സർക്കാർ പദ്ധതികൾ ജനങ്ങളിലെത്താൻ പിആർ അനിവാര്യമാണ്. പ്രതിപക്ഷ നേതാക്കളും തങ്ങളുടെ രാഷ്ട്രീയം എത്തിക്കാൻ പിആർ ഉപയോഗിക്കുന്നുണ്ട്. അത് സ്വാഭാവികമായ ഒരു പബ്ലിക് റിലേഷൻസ് ഇടപെടൽ മാത്രമാണ്. ബേപ്പൂരിൽ താൻ എപ്പോഴും ജനങ്ങൾക്കൊപ്പമായിരുന്നു. അവിടെ ആര് മത്സരിച്ചാലും ഇത്തവണ എൽഡിഎഫിന്റെ ഭൂരിപക്ഷം വർദ്ധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam