
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ പ്രത്യേക ഫോൺ ഇൻ പരിപാടിയിൽ സംസ്ഥാനത്തെ പൊതുമരാമത്ത്, ടൂറിസം രംഗങ്ങളിലെ പരാതി പരിഹാരത്തിന് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ വിളിച്ചത് നിരവധി പേർ. മുൻമന്ത്രി എംകെ മുനീറിന്റേതായിരുന്നു ആദ്യ ചോദ്യം. ഭൂമി ഏറ്റെടുക്കൽ മൂലം ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോകുമോയെന്നായിരുന്നു ചോദ്യം.
അതിന് മന്ത്രി നൽകിയ ഉത്തരം ഇങ്ങനെ. 'നിലവിൽ സംസ്ഥാനത്ത് 1781 കിലോമീറ്റർ നീളമുള്ള 11 ദേശീയപാതകളുണ്ട്. 548 കിലോമീറ്റർ ദേശീയപാതാ വികസനമാണ് പൊതുമരാമത്ത് വകുപ്പിനുള്ളത്. 25000 കോടിയുടെ വിവിധ പദ്ധതികൾ പുരോഗമിക്കുന്നുണ്ട്. അഞ്ച് വർഷം 20000 കോടിയുടെ റോഡുകൾക്കും പാലങ്ങൾക്കും പദ്ധതികൾ പൂർത്തിയാക്കാൻ ആലോചിച്ചിട്ടുണ്ട്. ചിലയിടത്ത് ഭൂമിയേറ്റെടുക്കൽ പ്രശ്നമുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ ഇത് പരിഹരിക്കും,' - മന്ത്രി വ്യക്തമാക്കി.
ചില റോഡുകൾ അടിയന്തിര പ്രാധാന്യത്തോടെ നന്നാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ ഓൺലൈൻ വഴി സംസ്ഥാനത്തെ 71 ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മഴക്കാല പൂർവ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടങ്ങി. രണ്ട് വർഷം മുൻപത്തെ പ്രളയത്തിൽ റോഡുകൾ തകർന്ന സ്ഥലങ്ങളിൽ മുൻകരുതൽ നടപടി ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിൽ ആളുകൾക്ക് വലിയ പ്രയാസമാണ് കൊവിഡ് മൂലം ഉണ്ടായതെന്ന് മെഡിക്കൽ ടൂറിസവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ അദ്ദേഹം പറഞ്ഞു. കേരളത്തിലെ ടൂറിസം മേഖലയിലെ വിവിധ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചു. പല മേഖലയിലും പ്രയാസം ഉണ്ട്. കൊവിഡിന്റെ രണ്ടാം തരംഗം ജൂൺ ആദ്യവാരത്തോടെ കുറയുമെന്നാണ് പ്രതീക്ഷ. മൂന്നാം തരംഗത്തിനിടയിൽ നാലഞ്ച് മാസം ഉണ്ടാകും. രണ്ടാം തരംഗം കുറയുന്ന തൊട്ടടുത്ത ദിവസം മുതൽ ചെയ്യാനാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന് മന്ത്രി ഉറപ്പുപറഞ്ഞു. ഇതിനായി ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ അറിയാൻ ഓരോ വിഭാഗത്തിലെയും യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെടുമങ്ങാട് - പേരൂർക്കട റോഡ്, കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്ക്, അട്ടപ്പാടി-മണ്ണാർക്കാട് റോഡ്, പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ ശോചനീയാവസ്ഥ തുടങ്ങി നിരവധി ഇടങ്ങളിലെ പ്രയാസങ്ങൾ പരിഹരിക്കണമെന്ന് മന്ത്രിക്ക് മുന്നിൽ അപേക്ഷയെത്തി. ഇവയൊക്കെ എഴുതിയെടുത്ത മന്ത്രി അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കാര്യങ്ങളിൽ നടപടിയെടുക്കുമെന്നും തന്റെ ഓഫീസിൽ ബന്ധപ്പെട്ടാൽ ഇതിന്റെ പുരോഗതി അറിയാനാവുമെന്നും പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന ഹൗസ് ബോട്ട് ഉടമകളും ഹോം സ്റ്റേ ഉടമകളും മന്ത്രിക്ക് മുന്നിൽ കൊവിഡ് സഹായം തേടിയെത്തി. ടൂറിസം മേഖലയിലുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച വായ്പാ സഹായം ബാങ്കുകൾ നൽകുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. ബാങ്കിങ് രംഗത്തുള്ളവരുടെ യോഗം വിളിച്ച് ചേർക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. കണ്ണൂർ കാൾടെക്സ് ഫ്ലൈ ഓവറിന്റെ നിർമ്മാണത്തിന് സ്ഥലം ലഭ്യമാണെന്ന് കണ്ണൂർ മേയർ പറഞ്ഞു. പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സ്ഥലത്ത് വന്ന് ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുപറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam