നെൽകർഷകർ കേരള ബാങ്കിൽ അക്കൗണ്ട് എടുക്കണം; പിആർഎസ് സ്കീമുമായി സപ്ലൈകോ മുന്നോട്ട്

Published : Feb 11, 2023, 08:13 AM ISTUpdated : Feb 11, 2023, 09:38 AM IST
നെൽകർഷകർ കേരള ബാങ്കിൽ അക്കൗണ്ട് എടുക്കണം; പിആർഎസ് സ്കീമുമായി സപ്ലൈകോ മുന്നോട്ട്

Synopsis

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍, യഥാസമയം പണം നല്‍കിയില്ലെങ്കില്‍, നെല്ല് നല്‍കിയ കര്‍ഷകന്‍റെ കിടപ്പാടം ബാങ്കിന്‍റെ കൈയ്യിലാകും

കോഴിക്കോട്: നെല്ല് സംഭരണത്തിന്‍റെ പണം കിട്ടാന്‍ കര്‍ഷകര്‍ ഇനി കേരള ബാങ്കില്‍ അക്കൗണ്ട് എടുക്കണം. പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്ത തുക തീര്‍ന്നതോടെ സപ്ളൈകോ കേരള ബാങ്കുമായി കരാര്‍ ഒപ്പു വച്ചു. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തേ വേണ്ടെന്നു വച്ച പി ആർ എസ് ലോണ്‍ സ്കീമിലേക്ക് മടങ്ങാനാണ് തീരുമാനം. 200 കോടി രൂപയാണ് സപ്ളൈകോ കേരള ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത്. സപ്ളൈകോയുടെ ജാമ്യത്തില്‍ നെല്ലിന്‍റെ വില വായ്പയായി കര്‍ഷകന് നല്‍കുന്ന രീതിയാണ് പിആര്‍എസ് വായ്പ സ്കീം. 

ഉല്‍പ്പാദനച്ചെലവിനും കാലാവസ്ഥാ മാറ്റങ്ങള്‍ക്കുമൊപ്പം നികുതി ഭാരം കൂടി പേറേണ്ടി വരുന്ന കര്‍ഷകര്‍ക്ക് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ വക മറ്റൊരു പ്രഹരമാണിത്. അധ്വാനിച്ചുണ്ടാക്കി അളന്നു നല്‍കിയ നെല്ലിന്‍റെ വില കിട്ടാനായി നാളുകളെണ്ണി കാത്തിരിക്കുന്ന കര്‍ഷകരോട് കേരള ബാങ്കില്‍ അക്കൗണ്ട് എടുക്കാനാണ് സപ്ളൈകോ ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് കേരള ബാങ്ക് റീജ്യണല്‍ മാനേജര്‍ ബുധനാഴ്ച ബ്രാഞ്ചുകള്‍ക്ക് കത്തയച്ചു. 
മില്ലുടമകള്‍ നല്‍കുന്ന പാഡി റസീപ്റ്റ് ഷീറ്റിന്‍റെ അടിസ്ഥാനത്തില്‍ ബാങ്ക് വായ്പ അനുവദിക്കുന്ന പഴയ രീതി തുടരാന്‍ തീരുമാനിച്ചു, സപ്ളൈക്കോയുമായി കരാര്‍ ഒപ്പിട്ടു, തുടര്‍ നടപടികള്‍ സ്വീകരിക്കണം എന്നുമാണ് നിര്‍ദ്ദേശം. 

സപ്ളൈകോയുടെ ജാമ്യത്തില്‍ നെല്ലിന്‍റെ വില വായ്പയായി കര്‍ഷകന് നല്‍കുന്ന പിആര്‍എസ് വായ്പ സ്കീം കർഷകന് തന്നെ വെല്ലുവിളിയാവാൻ സാധ്യതയേറെയാണ്. സപ്ളൈകോ യഥാസമയം തുക ബാങ്കിന് നല്‍കിയില്ലെങ്കില്‍ ബാധ്യത കര്‍ഷകന്‍റെ മേലാകും. ഇത്തരത്തില്‍ സപ്ളൈകോയുടെ തിരിച്ചടവ് മുടങ്ങി നിരവധി കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് സപ്ളൈകോ നേരിട്ട് കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്‍റെ പണം നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി എസ്ബിഐ, കനറ ബാങ്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുമായി കണ്‍സോര്‍ഷ്യം ഉണ്ടാക്കി. 2500 കോടി രൂപ വായ്പ എടുക്കുകയും ചെയ്തു. 

നെല്ലും കൊണ്ട് സർക്കാർ പോയിട്ട് മാസം മൂന്ന്, പണം ഇനിയുമില്ല; കുട്ടനാട്ടിൽ കർഷകരുടെ സമരം

ഈ തുക വിവിധ ബാധ്യതകള്‍ തീര്‍ക്കാന്‍ സപ്ലൈകോ ഉപയോഗിച്ചതോടെയാണ് പഴയ ലോണ്‍ സ്കീമിലേക്ക് മടങ്ങാനുളള തീരുമാനം. 76611 കര്‍ഷകരില്‍ നിന്നായി 2.3 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ഈ സീസണില്‍ സംഭരിച്ചത്. ഇതില്‍ 46314 കര്‍ഷകര്‍ക്കായി 369 കോടി രൂപ ഇതിനോടകം നല്‍കി. ബാക്കി തുകയാണ് കേരള ബാങ്ക് വഴി വായ്പയായി അനുവദിക്കാനാണ് നീക്കം. പിആര്‍എസ് വായ്പ സ്കീമിനായി കര്‍ഷകര്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ട ഉറപ്പ് സംബന്ധിച്ച അപേക്ഷയും കേരള ബാങ്ക് ബ്രാഞ്ചുകളിലെത്തിയിട്ടുണ്ട്. 

അതില്‍ പറയുന്നത് ഇങ്ങനെയാണ് - "എനിക്ക് കേരള ബാങ്കില്‍ നിന്നും വായ്പയായി അനുവദിച്ച തുകയും പലിശയും യഥാസമയം കിട്ടിയില്ലെങ്കില്‍ എന്‍റെ സ്ഥാവര ജംഗമ വസ്തുക്കളില്‍ നിന്നും എടുത്ത് വായ്പ കണക്ക് അവസാനിപ്പിക്കുന്നതിന് സമ്മതമെന്ന് അറിയിച്ചു കൊളളുന്നു."

അതായത് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാര്‍, യഥാസമയം പണം നല്‍കിയില്ലെങ്കില്‍, നെല്ല് നല്‍കിയ കര്‍ഷകന്‍റെ കിടപ്പാടം ബാങ്കിന്‍റെ കൈയ്യിലാകുമെന്ന് ചുരുക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്; മലയാളി യാത്രക്കാരുടെ പ്രശ്നങ്ങൾ റെയിൽവേ കേട്ടു, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ
പെരിന്തൽമണ്ണ ലീഗ് ഓഫീസ് ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ, നഗരത്തിൽ ഹര്‍ത്താൽ