
പാലക്കാട്: പാലക്കാട് ജില്ലയിൽ സംഭരിച്ച നെല്ലിന്‍റെ വിലവിതരണം വൈകുന്നു. ഒന്നാം വിള സംഭരിച്ച വകയിൽ 200 കോടിയിലധികം രൂപ പാലക്കാട് ജില്ലയിൽ മാത്രം നൽകാനുണ്ട്. ആദ്യം സംഭരണത്തിലെ താമസം. തുടർ പ്രതിഷേധങ്ങൾ. ഒടുവിൽ നെല്ലെടുക്കൽ, സംഭരണം പൂർത്തിയാക്കിയാൽ വില വിതരണം വൈകും. പാലക്കാട് ജില്ലയിൽ കർഷകരുടെ ദുരിതത്തിന് ഇപ്പോഴും അറുതിയായിട്ടില്ല.
25000 ലേറെ കർഷകർക്ക് ഒന്നാം വിളയുടെ വില നൽകാനുണ്ട്. പലരും കടമെടുത്താണ് രണ്ടാം വിളയിറക്കിയത്. ഇനിയും പണം കിട്ടിയില്ലെങ്കിൽ എങ്ങനെ ജീവിക്കുമെന്നാണ് ചോദ്യം. നെല്ലിന്റെ വില നൽകാൻ കേരള ബാങ്കുമായി ധാരണയിലെത്താനുള്ള ശ്രമം പരാജയപ്പെട്ടതാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്. മഴക്കെടുതി, വന്യമൃഗ ശല്യം, രണ്ടും അതിജീവിച്ചാണ് ഓരോ കർഷകനും നെല്ല് വിളയിക്കുന്നത്. അവരോട് ഇനിയും കടം പറയുന്നത് നെൽകൃഷിയോട് കൂടി കാണിക്കുന്ന ക്രൂരതയാണ്.
സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാൻ ബാക്കിയുള്ള 306.75 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് രാവിലെ പത്തരയ്ക്ക് കേരള ബാങ്കുമായി മന്ത്രി ചര്‍ച്ച നടത്തും. ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതിൽ 178.75 കോടി രൂപ കർഷകർക്ക് സർക്കാർ കൈമാറി. ബാക്കിയുള്ള തുക കൈമാറുന്നതിലാണ് ചര്‍ച്ച നടക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam