'കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ തിരിഞ്ഞുനോക്കാത്ത പുള്ളി'; കെ വി തോമസിനോട് കടുപ്പിച്ച് പത്മജ, ചോദ്യങ്ങളും 

Published : May 12, 2022, 06:46 PM IST
'കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ തിരിഞ്ഞുനോക്കാത്ത പുള്ളി'; കെ വി തോമസിനോട് കടുപ്പിച്ച് പത്മജ, ചോദ്യങ്ങളും 

Synopsis

അദ്ദേഹം എത്ര പെൻഷൻ വാങ്ങുന്നു. അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത് ? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേ ?

കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഇടതു മുന്നണിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയ കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ രൂക്ഷ വിമ‍ർശനവുമായി പത്മജ വേണുഗോപാൽ. കെ വി തോമസ് ഇടത് ക്യാംപിലേക്ക് പോയതിൽ അതിശയം തോന്നിയില്ലെന്ന് അവർ പറഞ്ഞു. കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് തോമസെന്നും അങ്ങനെയുള്ള ഒരാളുടെ കൈയ്യിൽ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റു എന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

പത്മജയുടെ കുറിപ്പ് പൂർണരൂപത്തിൽ

തോമസ് മാസ്റ്റർ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ഒരു കാര്യത്തിൽ മാത്രമേ വിഷമം ഉള്ളു. പാർട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം. പക്ഷെ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് അതിൽ അതിശയം തോന്നിയില്ല. കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി. അങ്ങിനെ ഒരാളുടെ കൈയ്യിൽ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റു അല്ലെ ? നിങ്ങളൊക്കെ എന്ത് പറയുന്നു ? അദ്ദേഹം എത്ര പെൻഷൻ വാങ്ങുന്നു. അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത് ? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേ ? ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. 30 കൊല്ലം ഈ മണ്ഡലത്തിൽ താമസിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം. അത് യൂ ഡി എഫിന് ഒപ്പമാണ്. ഇനിയും കുറെ കാര്യങ്ങൾ മാഷോട് ചോദിക്കാനുണ്ട്.

കെ വി തോമസ് ഇടത് വേദിയിൽ; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, ഷാള്‍ അണിയിച്ച് ഇ പി

അതേസമയം മുഖ്യമന്ത്രി പങ്കെടുത്ത തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലാണ് കെ വി തോമസ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഇടത് വേദിയിൽ എത്താൻ ഒരു മണിക്കൂർ ബ്ലോക്കിൽ യാത്ര ചെയ്തെന്ന് കെ വി തോമസ് പറഞ്ഞു. കെ റെയിൽ വരേണ്ട ആവശ്യകതയാണ് തോമസ് മാഷ് പറയുന്നതെന്ന് പിണറായി വിജയന്‍ തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

പാലാരിവട്ടത്ത് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. ഒരു മണിക്കൂർ ബ്ലോക്കിൽപ്പെട്ടത് കൊണ്ടാണ് വേദിയിലെത്താന്‍ വൈകിയതെന്ന് കെ വി തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. കെ റെയിൽ വരേണ്ട ആവശ്യകത ഇതാണെന്ന് മുഖ്യമന്ത്രി തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വൻഷൻ വേദിയിലുണ്ടായിരുന്നു.

എൽ ഡി എഫിന് സെഞ്ച്വറി നൽകി തൃക്കാക്കര പറ്റിയ അബദ്ധം തിരുത്തും; കെ റെയിലും ചർച്ചയാക്കി മുഖ്യമന്ത്രി

അതേസമയം ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷനിൽ പറഞ്ഞത്. അതിന്‍റെ വേവലാതി യുഡിഎഫ് ക്യാംപിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ചികിത്ത കഴിഞ്ഞെത്തിയ മുഖ്യമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ പൊതുപരിപാടിയായിരുന്നു തൃക്കാക്കരയിലേത്. സി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽ ഡി എഫിലേയും സി പി എമ്മിലേയും മറ്റു നേതാക്കളും കണ്‍വൻഷൻ വേദിയിലുണ്ടായിരുന്നു.

PREV
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി