സാമ്പത്തിക പ്രതിസന്ധി വാര്‍ത്തകള്‍ തള്ളി ധനമന്ത്രി; പിന്നില്‍ ഗൂഢശക്തികള്‍, അടുത്ത മാസം ശമ്പളം നല്‍കും

By Web TeamFirst Published May 12, 2022, 6:20 PM IST
Highlights

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ചില ഗൂഢശക്തികളാണ് പുറത്തുവരുന്ന വാർത്തകൾക്ക് പിന്നിലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കടം അനുവദിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ (K N Balagopal). പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി പറഞ്ഞു. ശമ്പളം കൊടുക്കുന്നതിൽ തടസം ഉണ്ടാവില്ലെന്നും അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ചില ഗൂഢശക്തികളാണ് പുറത്തുവരുന്ന വാർത്തകൾക്ക് പിന്നിലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കടം അനുവദിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രമാണ് എല്ലാ സംസ്ഥാനങ്ങളുടെയും രക്ഷകർത്താവ്. വൈരനിര്യാതന ബുദ്ധിയോടെ കേന്ദ്രം പെരുമാറില്ല എന്നാണ് കരുതുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തത് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  

കെഎസ്ആ‍ർടിസിയിലെ ശമ്പള പ്രതിസന്ധി തീ‍ര്‍ക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് യൂണിയനുകൾ

 

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമാക്കി യൂണിയനുകൾ. കെഎസ്ആ‍ര്‍ടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുമതലയുള്ള ഗതാഗതമന്ത്രി ആ ഉത്തരവാദിത്തം മറന്നെങ്കിൽ  മുഖ്യമന്ത്രി കടമ നിറവേറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. കെഎസ്ആടിസിയുടെ അവസാന എംഡി താനാവണമെന്നതാണ് ഇപ്പോഴത്തെ സിഎംഡിയുടെ നിലപാടെന്ന് കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. 

മെയ് മാസം 12 ആയിട്ടും പോയ മാസത്തെ ശമ്പളം എന്ന് കിട്ടുമെന്ന് ഒരു ഉറപ്പും കെഎസ്ആ‍ര്‍ടിസിയിലെ ജീവനക്കാര്‍ക്കില്ല. പണിമുടക്കിയ തൊഴിലാളികളോട് പുറംതിരിഞ്ഞ് നൽക്കുകയാണ് മന്ത്രിയും സ‍ർക്കാരും. ബാങ്ക് വായ്പയ്ക്ക് ഗ്യാരണ്ടി ചോദിച്ചുള്ള കോർപ്പറേഷൻ്റെ അഭ്യർത്ഥനയോട്  സർക്കാർ  ഇതേവരെ പ്രതികരിച്ചിട്ടില്ല. 

Also Read: കെഎസ്ആർടിസിയിൽ ശമ്പളമില്ല ; പ്രതിഷേധം തുടരുന്നു; മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ച് തൊഴിലാളി യൂണിയനുകൾ 

ഇതോടെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നിരിക്കുകയാണ് സിഐടിയു  ഒഴികെയുള്ള തൊഴിലാളി സംഘടനകകൾ.  പ്രകടനങ്ങൾ വിലക്കിയുള്ള സർക്കുലർ അവഗണിച്ച് ഐഎൻടിയുസി പ്രവർത്തകർ സിഎംജിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.ബിഎംഎസ്സും ഇന്ന് യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധിക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനം നിലനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കൂലികൊടുക്കുന്നതിന് പകരം ജീവനക്കാരെ വെല്ലുവിളിക്കുകയാണ് മന്ത്രിചെയ്യുന്നതെന്ന് ധ‍ർണ ഉദ്ഘാടനം ചെയ്ത് മുൻ മന്ത്രി വി.എസ് ശിവകുമാർ പറഞ്ഞു.

Also Read: സർക്കാർ പൂർണമായും കയ്യൊഴിയുമ്പോൾ എങ്ങനെ ശമ്പളം നൽകും, വെട്ടിലായി കെഎസ്ആർടിസി മാനേജ്മെന്റ്

click me!