
തൃശൂർ: ബിജെപി പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ നിന്നും കോൺഗ്രസ് പദവി നീക്കം ചെയ്ത് പത്മജ വേണുഗോപാൽ. ഫേസ്ബുക്ക് ബയോയിൽ പാർട്ടി പദവിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് മാറ്റി പൊളിറ്റീഷ്യൻ എന്ന് മാത്രമാക്കി തിരുത്തിയിട്ടുണ്ട്. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും പത്മജ കോൺഗ്രസ് ബന്ധം എടുത്ത് കളഞ്ഞത്.
പുതിയ കവർ ചിത്രവും പത്മജ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പത്മജയെ വിമർശിച്ച് നിരവധി പേരാണ് ചിത്രത്തിന് കമന്‍റുകളുമായി എത്തിയത്. അച്ഛനെ ഓർത്തിരുന്നെങ്കിൽ പത്മജ വേണുഗോപാൽ ആർഎസ്എസിനൊപ്പം പോകില്ലെന്നാണ് ഭൂരിപക്ഷം പേരും കമന്‍റ് ചെയ്യുന്നത്. അതേസമയം കോൺഗ്രസിൽ നിന്നുള്ള അവഗണനിയിൽ മനം മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്നാണ് പദ്മജ ഏഷ്യാനെറ്റ് ന്യസിനോട് പ്രതികരിച്ചത്.
കോൺഗ്രസ് പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നാണ് പത്മജ പറയുന്നത്. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം.
അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ ചാലക്കുടി മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കും. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി ആലോചിക്കുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഈ സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.