
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശത്തെ ചൊല്ലിയുള്ള വാക്‍പോര് തുടരുകയാണ്. പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും, സഹോദരിയെന്ന നിലയില്‍ കാണാൻ ബുദ്ധിമുട്ടാണെന്നും കരുണാകരന്‍റെ മകനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ പറഞ്ഞതിനോട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍.
''മുരളിയേട്ടൻ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മുരളിയേട്ടൻ അച്ഛനെ എത്ര വേദനിപ്പിച്ചയാളാണ്. അച്ഛൻ മരിക്കുന്നത് വരെ പത്മജ അച്ഛനെ വേദനിപ്പിച്ചിട്ടില്ല. മറ്റുള്ളവര്‍ അച്ഛന്‍റെ കാര്യം പറയുന്നത് മനസിലാക്കാം. പക്ഷേ ചേട്ടൻ അച്ഛന്‍റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്...
...ജീവിച്ചിരിക്കുമ്പോള്‍ അച്ഛനോട് ഒരു താല്‍പര്യവും കാണിക്കാത്ത ആളാണ് ചേട്ടൻ. അതൊക്കെ എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയം വച്ചിട്ടാണ് കെ മുരളീധരൻ എന്നെ സഹോദരിയായി കാണാൻ സാധിക്കില്ലെന്ന് പറഞ്ഞതെങ്കില്‍ ഡിഐസിയിലേക്ക് പോയപ്പോഴും ചേട്ടനായിട്ട് തന്നെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്‍റെ മനസ് എല്ലാവര്‍ക്കും അറിയാം. ഞാൻ അതിന് മറുപടി പറയാൻ അന്നും ഇല്ല ഇന്നും ഇല്ല. കാരണം ഇതൊക്കെ മുരഴളിയേട്ടൻ തിരുത്തി പറയുന്ന കാലം വരും. എന്നോടുള്ള ബന്ധം ഇതിന്‍റെ പേരില്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ഉപേക്ഷിക്കട്ടെ...''- പത്മജ വേണുഗോപാല്‍ പറയുന്നു.
ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് പത്മജയുടെ ബിജെപി പ്രവേശം. താൻ ഏറെ മടുത്തിട്ടാണ് കോണ്‍ഗ്രസില്‍ നിന്ന് പോകുന്നതെന്നും മനസമാധാനമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും പത്മജ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസില്‍ നിന്ന് വ്യാപകമായ വിമര്‍ശനമാണ് പത്മജയ്ക്കെതിരെ ഉയരുന്നത്. പല അവസരങ്ങള്‍ നല്‍കിയിട്ടുള്ളതാണ്, എന്നിട്ടും പാര്‍ട്ടി വിട്ട് വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുന്നു എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam