
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിത്വ സാധ്യത സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ ഏഷ്യാനെറ്റ് ന്യൂസിനോട് മനസ്സു തുറന്ന് പത്മജ വേണുഗോപാൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകുമെങ്കിൽ അത് തൃശ്ശൂര്‍ മണ്ഡലത്തിൽ തന്നെ ആയിരിക്കുമെന്നാണ് പത്മജാ വേണുഗോപാൽ പറയുന്നത്. പരിചിതമായ ഇടമാണ് തൃശ്ശൂര്‍ . വിജയം ഉറപ്പാക്കി മുന്നോട്ട് പോകും.
വലിയ കോൺഗ്രസ് പാരമ്പര്യം അവകാശപ്പെടാനുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കളരിയിൽ തോൽവിയെക്കുറിച്ച് മാത്രമാണ് പത്മജയ്ക്ക് പറയാനുള്ളത്. ആദ്യം മുകുന്ദപുരത്ത്, പിന്നീട് കോൺഗ്രസ്സിന്‍റെ കുത്തക സീറ്റായ തൃശ്ശൂരിൽ. പക്ഷെ മുൻ വർഷത്തെ തോൽവിയ്ക്ക് കാരണം പ്രവർത്തകർക്കുള്ള തെറ്റിദ്ധാരണകളായിരുന്നു എന്നും പത്മജ വിശദീകരിക്കുന്നു. വസ്ത്രത്തിലും കളറിലും വരെ ജനം തെറ്റിദ്ധരിച്ചു. പിന്നിൽ നിന്ന് പാലം വലിച്ചവർ തെറ്റ് ഏറ്റ് പറഞ്ഞിട്ടുണ്ടെന്നും ആരോടും അക്കാര്യത്തിൽ പരാതിയില്ലെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃശൂരിൽ ഇത്തവണ വനിതയെ പരിഗണിച്ചാൽ പത്മജ വേണുഗോപാലിനായിരിക്കും പരിഗണന. സിപിഐയിൽ മൂന്ന് ടേം മത്സരിച്ചവർക്ക് ഇത്തവണ അവസരം നൽകില്ലെന്നാണ് പാർട്ടി വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ വിഎസ് സുനിൽകുമാറിന് പകരം സംസ്ഥാന കൗൺസിൽ അംഗം പി ബാലചന്ദ്രൻ അടക്കമുള്ളവരാണ് ഇടത് പരിഗണിനയിൽ. എതിർ സ്ഥാനാർത്ഥി ആരായാലും അതൊന്നും പ്രശനമല്ലെന്ന് പത്മജയ്ക്ക് ആത്മവിശ്വാസമുണ്ട്. പാർട്ടി അത് കാണുമോ എന്നതാണ് ഇനി അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam