കസ്റ്റഡി കൊലപാതകം: ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള തീരുമാനം നീതിയുടെ വിജയമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്

By Web TeamFirst Published Feb 15, 2021, 6:19 PM IST
Highlights

നീതിയുടെ വിജയമെന്ന് പ്രതികരിച്ച ജസ്റ്റിസ് നാരായണ കുറുപ്പ്, സർക്കാർ നടപടിയിൽ താൻ തൃപ്തനാണെന്നും പറഞ്ഞു

തിരുവനന്തപുരം: കസ്റ്റഡിമരണക്കേസുകളിൽ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ വിചാരണ കൂടാതെ പിരിച്ചുവിടണമെന്ന ശുപാർശകൾ അടങ്ങിയ തന്റെ റിപ്പോർട്ട് അംഗീകരിച്ച സംസ്ഥാന സർക്കാർ തീരുമാനം നീതിയുടെ വിജയമാണെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്. നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് അന്വേഷിച്ച ഇദ്ദേഹത്തിന്റെ റിപ്പോർട്ട് സർക്കാർ ഇന്ന് അംഗീകരിച്ചിരുന്നു.

നീതിയുടെ വിജയമെന്ന് പ്രതികരിച്ച ജസ്റ്റിസ് നാരായണ കുറുപ്പ്, സർക്കാർ നടപടിയിൽ താൻ തൃപ്തനാണെന്നും പറഞ്ഞു. രണ്ടാമത് പോസ്റ്റ്മോർട്ടം നടത്തിയത് കൊണ്ടാണ് കസ്റ്റഡി കൊലപാതകത്തിന്റെ കൃത്യമായി തെളിവുകൾ ലഭിച്ചത്. ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ ശുപാർശ ചെയ്തത് സമഗ്രമായ പഠനത്തിന് ശേഷമാണ്. മിക്ക കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. കസ്റ്റഡി മരണക്കേസുകളിൽ തെളിവുകൾ ലഭിച്ചാൽ കുറ്റക്കാരെ പിരിച്ചു വിടാൻ ഭരണഘടനാപരമായ വ്യവസ്ഥയുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് താൻ റിപ്പോർട്ട് നൽകിയത്. സർക്കാർ തീരുമാനം അഭിനന്ദനാർഹമെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു.

ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് റിപ്പോർട്ട് അംഗീകരിച്ചത്. പൊലീസ് സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് തീരുമാനം. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുച്ഛേദം 311 (2) പ്രകാരം പിരിച്ചുവിടാനാണ് ശുപാർശ. ഒന്നര വർഷം നീണ്ട തെളിവെടുപ്പിനും അന്വേഷണങ്ങൾക്കും ശേഷമാണ് നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ നഗ്നമായ നിയമലംഘനങ്ങൾ നടന്നുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. അനധികൃതമായി കസ്റ്റഡിയിലെടുത്ത് രാജ്‌കുമാറിനെ നെടുങ്കണ്ടം പൊലീസ് ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണം. സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്‌കുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത് സ്ത്രീകളെ വിലങ്ങ് വച്ച് റോഡിലൂടെ നടത്തിച്ചു. കമ്മീഷനുമായി കേസിലെ പ്രതികളായ ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്നും റിപ്പോർട്ട് സമർപ്പിച്ച ശേഷം ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞിരുന്നു. 

ആദ്യ പോസ്റ്റ്മോർട്ടത്തിൽ ആശുപത്രി ജയിൽ ഉദ്യോഗസ്ഥരുടെ ഒത്തുകളിയും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നു. രാജ്‌കുമാറിന്‍റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകമണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശുപാർശകളെല്ലാം പൊതുവിൽ അംഗീകരിക്കുന്നുവെന്നാണ് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പിൽ പറയുന്നത്. 

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചുവെങ്കിലും തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ശുപാ‍ർശ പൊലീസ് സംഘടനകള്‍ ശക്തമായി എതിർക്കുന്നുണ്ട്. എതിർപ്പ് മുഖ്യമന്ത്രിയെയും ഡിജിപിയെയും അറിയിച്ചുമുണ്ട്. അന്വേഷണവും വിചാരണയും പൂർത്തിയാകുന്നതിന് മുമ്പ് ആരോപണവിധേയനായാൽ മാത്രം പിരിച്ചുവിടാൻ തീരുമുണ്ടായാൽ അത് സേനയുടെ മനോവീര്യം തകർക്കുമെന്നാണ് സംഘടനകളുടെ ആരോപണം. ശുപാർശ അംഗീകരിച്ചാൽ കടുത്ത് പ്രതിഷേധമുണ്ടാകുമെന്ന കാര്യം ചീഫ് സെക്രട്ടറിയും കുറിപ്പായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇനി മന്ത്രിസഭ ചർച്ച ചെയ്തശേഷമായിരിക്കും നയപരമായ തീരുമാനമെടുക്കുക. എല്ലാ കസ്റ്റി മരണങ്ങളും സിബിഐക്കു വിടാനും ഈ സർക്കാരാണ് തീരുമാനിച്ചത്.

click me!