
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നതിൽ പ്രതികരണവുമായി ഭർത്താവ് ഡോക്ടർ വേണുഗോപാൽ. പദവി വാഗ്ദാനം കിട്ടിയിട്ടല്ല പദ്മജയുടെ ബിജെപി പ്രവേശനമെന്ന് ഭർത്താവ് ഡോക്ടർ വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃശൂരിൽ പദ്മജയെ കോൺഗ്രസുകാർ തോൽപിച്ചെന്ന് പറഞ്ഞ വേണുഗോപാൽ കെ മുരളീധരനുമായി താൻ വിഷയം സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇഡി പരിശോധനയെന്ന ബിന്ദുകൃഷ്ണയുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
''കുറച്ചുകാലമായി പാർട്ടിയിൽ പരാതി പറയാനുള്ള അവസരം ലഭിക്കുന്നില്ല. എന്ത് പരാതി പറഞ്ഞാലും കേൾക്കാനാളില്ല. കഴിഞ്ഞ അസംബ്ലി ഇലക്ഷനിൽ നമ്മുടെ കയ്യിൽ നിന്ന് തന്നെ പൈസ ചെലവാക്കിയാണ് ഇലക്ഷന് നിന്നത്. ഒരാളുടെയും സപ്പോർട്ട് ഉണ്ടായിരുന്നില്ല. എന്നിട്ട് കൂടി നമ്മുടെ തന്നെ സ്വന്തം ആൾക്കാർ പല സൈഡിൽ നിന്ന് അറ്റാക്ക് ചെയ്ത് മനപൂർവം തൃശൂരിൽ തോൽപിച്ചു. അന്ന് അത് ചെയ്ത ആൾക്കാരെപ്പറ്റി അന്വേഷിക്കാൻ പറഞ്ഞിട്ട് കൂടി പാർട്ടിക്ക് യാതൊരു അനക്കവും ഉണ്ടായിട്ടില്ല. തൃശൂർ കോൺഗ്രസിന്റെ കൊട്ടകയാണ്. അതിലും വേദനയുണ്ടാക്കുന്ന സംഭവം അച്ഛന്റെ പേരിലൊരു സ്മാരകം, കരുണാകര ഭവൻ എന്നൊരു സ്ഥാപനം തിരുവനന്തപുരത്ത് ഉണ്ടാക്കാന്‍ വേണ്ടി ഗവൺമെന്റ് അലോട്ട് ചെയ്ത സ്ഥലമാണ്. കണ്ണായ സ്ഥലത്ത്. നമ്മുടെ ആൾക്കാര് തന്നെ ട്രസ്റ്റുണ്ടാക്കി, പദ്മജ ഓടിനടന്ന് ഫണ്ടുണ്ടാക്കാൻ സ്വരൂപിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അതിനിടയിൽ നമ്മുടെ ആൾക്കാർ പോയി അടി. എന്നെ ചെയർമാനാക്കിയില്ല, മറ്റൊരാളെ ചെയർമാനാക്കി എന്ന് പറഞ്ഞ്. എല്ലാം അച്ഛൻ വളർത്തിക്കൊണ്ടുവന്ന, അച്ഛന്റെ കൂടെ നടന്ന ആൾക്കാരാണ് ഇതിനെല്ലാം പിന്നിൽ. പിന്നെ വൈസ് പ്രസിഡന്റായിരുന്ന പദ്മജയെ എക്സിക്യൂട്ടീവ് മെമ്പറാക്കി മാറ്റി ഒരു മൂലക്ക് മാറ്റിയിരുത്തി. ഒരു സ്ത്രീ അവിടെ വൈസ് പ്രസിഡന്റായിരിക്കുന്നത് കണ്ടിട്ടുണ്ടോ? വേദനയോടെയാണ് ഈ തീരുമാനം. ഇഡിയെ പേടിച്ചാണെന്ന് ചിലർ പറഞ്ഞു. അങ്ങനെയല്ല.'' വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam