
ദില്ലി: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ രണ്ട് സമിതി രൂപീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം. മുൻ രാജാവിന്‍റെ കുടുംബത്തിന്‍റെയും സംസ്ഥാന സർക്കാരിന്റെയും ആവശ്യം പരിഗണിച്ചാണ് നിർദ്ദേശം. ഉപദേശക സമിതി രൂപീകരണത്തിൽ മുൻ രാജാവിന്‍റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങളും സുപ്രീംകോടതി പരിഗണിച്ചു
കഴിഞ്ഞ 25 കൊല്ലത്തെ ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകളുടെ ഓഡിറ്റ് നടത്തണമെന്ന് വിധിയിൽ പറയുന്നുണ്ട്. ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതികൾക്ക് തീരുമാനിക്കാം. ട്രസ്റ്റ് പ്രതിനിധി, മുഖ്യ തന്ത്രി, കേരള സർക്കാർ പ്രതിനിധി, കേന്ദ്ര സർക്കാർ പ്രതിനിധി, എന്നിങ്ങനെയാണ് ഭരണസമിതിയിലെ അംഗങ്ങൾ. തിരുവന്തപുരം ജില്ല ജഡ്ജി ഭരണസമിതിയുടെ അധ്യക്ഷനായിരിക്കും. തിരുവിതാംകൂര്‍ കുടുംബാംഗവും മുഖ്യ തന്ത്രിയും ഉപദേശക സമിതിയിലും അംഗങ്ങളാവും. ബാക്കിയുള്ള ആറ് അംഗങ്ങളെ സംസ്ഥാന മന്ത്രിസഭയിലെ ഹിന്ദുക്കളായ അംഗങ്ങൾ ചേർന്ന് തീരുമാനിക്കണം.
രണ്ട് കമ്മിറ്റിയിലും എല്ലാ അംഗങ്ങളും ഹിന്ദുക്കളാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. മുൻ രാജാവിന്‍റെ കുടുംബത്തിന്‍റെ അധികാരങ്ങളാണ് ഭരണസമിതിക്ക് കൈമാറുന്നത്. മുൻ രാജാവിന്‍റെ കുടുംബത്തിന്‍റെ അവകാശം നിലനിൽക്കുമ്പോഴും അത് നിർവഹിക്കുക ഭരണ സമിതിയായിരിക്കുമെന്ന് വിധി വ്യക്തമാക്കുന്നു. ക്ഷേത്ര സ്വത്ത് സംരക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam