ബലാത്സം​ഗക്കേസ്; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

By Web TeamFirst Published Jul 13, 2020, 4:24 PM IST
Highlights

തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് നടപടി. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്. 
 

കോട്ടയം: ബലാത്സം​ഗക്കേസിൽ ബിഷപ് ഫ്രോങ്കോ മുളയ്ക്കലിന്റെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദ് ചെയ്തു.  ഫ്രാങ്കോ മുളയ്ക്കലിനെതിരെ  ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് നടപടി. തുടർച്ചയായി 14 തവണയാണ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്ക് ഹാജരാകാതിരുന്നത്. 

കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ  ഉൾപ്പെട്ടതിനാലാണ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാരജാകാതിരുന്നതെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു. ഇതെത്തുടർന്നാണ് കോടതി ജാമ്യം റദ്ദാക്കുകയാണെന്നറിയിച്ചത്. ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയിൽ ആയതിനാൽ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു, കോടതിയിൽ ഹാജരാകാതിരിക്കാനുള്ള കാരണമായി ഫ്രാങ്കോ മുളയ്ക്കൽ കഴിഞ്ഞ തവണ ബോധിപ്പിച്ചത്. എന്നാൽ ഇത് കളവാണെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. ബിഷപ്  ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകൾ പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളക്കൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

ജാമ്യക്കാർക്കെതിരെ കോടതി ഇന്ന് സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാൻ കാരണം കാണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഓ​ഗസ്റ്റ് 13ന് വീണ്ടും പരി​ഗണിക്കും. 
 

Read Also: സന്ദീപ് ഉപയോഗിച്ചത് പുണെയിൽ കച്ചവടക്കാരനായ മലപ്പുറം സ്വദേശിയുടെ കാർ...
 

click me!