ട്രംപിന് '100 ശതമാനം പിന്തുണ', കടുത്ത എതിർപ്പ് നേരിട്ട് പാകിസ്ഥാനും അറബ് രാജ്യങ്ങളും; ഒറ്റുകാരെന്നും ചതിയന്മാരെന്നും വിമർശനം

Published : Oct 01, 2025, 07:57 PM IST
trump with pak officials

Synopsis

ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാന പദ്ധതിക്ക് പിന്തുണ നൽകിയ പാകിസ്ഥാൻ ഉൾപ്പെടെയുള്ള മുസ്ലീം രാജ്യങ്ങൾ കനത്ത ജനരോഷം നേരിടുകയാണ്. പലസ്തീൻ പരമാധികാരം ഇല്ലാതാക്കുന്ന ഈ കരാറിനെ പിന്തുണച്ച നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നു.

ലഹോർ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്ക് പിന്തുണ നൽകിയ മുസ്ലീം പങ്കാളികൾക്ക് കനത്ത തിരിച്ചടി. 'ഉമ്മത്തിന്‍റെ' (മുസ്ലീം സമൂഹം) സംരക്ഷകരായി സ്വയം അവകാശപ്പെടുന്ന പാകിസ്ഥാൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ സദുദ്ദേശത്തോടെയാണ് ഇതിന് പിന്തുണ നൽകിയതെങ്കിലും, ഇത് വൻതോതിലുള്ള ജനരോഷമാണ് ക്ഷണിച്ചുവരുത്തിയത്. അറബ്-ഇസ്ലാമിക ലോകത്തെ നേതാക്കൾ ഇപ്പോൾ കടുത്ത വിമർശനമാണ് നേരിടുന്നത്. പലസ്തീൻ പ്രശ്നത്തിന്‍റെ 'ഒറ്റുകാർ' എന്നും 'ചതിച്ചവർ' എന്നുമാണ് സോഷ്യൽ മീഡ‍ിയയില്‍ ഇപ്പോൾ ഇവർ മുദ്രകുത്തപ്പെടുന്നത്.

ട്രംപിന്‍റെ സമാധാന പദ്ധതിയിലെ പ്രധാന വ്യവസ്ഥകൾ

ട്രംപിന്‍റെ 20 ഇന സമാധാന പദ്ധതിയുടെ പ്രധാന വ്യവസ്ഥകൾ, പലസ്തീൻ ഭീകരസംഘടനയായ ഹമാസ് നിരായുധീകരിക്കണം എന്നും ഗാസയുടെ ഭരണം അമേരിക്കൻ പ്രസിഡന്‍റ് തന്നെ ചെയർമാനായിട്ടുള്ള ഒരു സമാധാന ബോർഡ് (Board of Peace) നടത്തണമെന്നുമാണ്.

ഇസ്രായേൽ പിൻമാറ്റം: ഇസ്രായേൽ ഘട്ടംഘട്ടമായി ഗാസയിൽ നിന്ന് പിന്മാറും.

ബന്ദികളെ കൈമാറൽ: ബന്ദികളെ പരസ്പരം കൈമാറും.

പുനർനിർമ്മാണം: പുനർനിർമ്മാണച്ചെലവ് അറബ് രാജ്യങ്ങൾ വഹിക്കണം.

പലസ്തീൻ രാഷ്ട്രം: ഭാവിയിൽ എപ്പോഴെങ്കിലും ഒരു പലസ്തീൻ രാഷ്ട്രം എന്ന അവ്യക്തമായ വാഗ്ദാനം.

ഈ കരാർ പലസ്തീനികളുടെ പരമാധികാരം ഇല്ലാതാക്കുകയും, വൻതോതിലുള്ള കൂട്ടക്കൊലകൾക്ക് ശേഷം ഇസ്രായേലിന്‍റെ സുരക്ഷാ അതിർത്തികളെ നിയമപരമായി അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് വിമർശകരുടെ പ്രധാന ആക്ഷേപം. ഗാസയുടെ അതിജീവനം യുഎസിന്‍റെയും അറബ് രാജ്യങ്ങളുടെയും 'സന്മനസ്സിൽ' കെട്ടിപ്പടുക്കുന്നതിനും ഇത് വഴിയൊരുക്കും.

പാകിസ്ഥാനിലെയും അറബ് ലോകത്തെയും നേതാക്കൾക്കെതിരെ രോഷം

ഇസ്രായേലിനെ ഇതുവരെ അംഗീകരിക്കാത്ത മുസ്ലീം രാജ്യങ്ങൾ, ഈ പദ്ധതിക്ക് പിന്തുണ നൽകുന്നതിലൂടെ അതിന്‍റെ നിലനിൽപ്പിനെ അംഗീകരിച്ചു എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പാകിസ്ഥാനിൽ, സർക്കാരിന്‍റെ ഈ 'അംഗീകാരം' രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരിൽ നിന്ന് ഒരുപോലെ വിമർശനം നേരിടുകയാണ്. ഇത് ഇസ്രായേലിന് അനുകൂലമായ കീഴടങ്ങൽ ആണെന്നാണ് അവർ വിശേഷിപ്പിച്ചത്.

ഗൾഫ് രാജ്യങ്ങളിലെയും പാകിസ്ഥാനിലെയും വിദേശകാര്യ മന്ത്രിമാർ ട്രംപിന്‍റെ നേതൃത്വത്തെയും ആത്മാർത്ഥമായ ശ്രമങ്ങളെയും പ്രശംസിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഇത് മുസ്ലീം സമൂഹത്തിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. പാകിസ്ഥാനിലെ "#MuslimUmmah" എന്ന ഹാഷ്ടാഗ് എക്സിൽ ട്രെൻഡിംഗായി. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, സൈനിക മേധാവി ആസിം മുനീർ എന്നിവർ ഇസ്രായേൽ പതാകയുമായി ഗാസയിലെ തെരുവുകളിലൂടെ നടക്കുന്നത് പോലുള്ള എഐ ചിത്രങ്ങളും വീഡിയോകളും ആളുകൾ പങ്കുവെച്ചു. 'സയണിസ്റ്റ് പാകിസ്ഥാൻ' എന്നാണ് ചിലർ പാകിസ്ഥാനെ വിശേഷിപ്പിച്ചത്.

"ഈ കീഴടങ്ങൽ കരാർ അംഗീകരിക്കാൻ ഹമാസിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിലൂടെ, അറബ്, മുസ്ലീം നേതാക്കൾ പലസ്തീൻ പ്രശ്നത്തെ ഒറ്റിക്കൊടുക്കാൻ പദ്ധതിയിടുകയാണ്. അവർ ഉമ്മത്തിന്‍റെ ഒറ്റുകാരാണ്," യുകെ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകൻ റോഷൻ എം സാലിഹ് എക്സിൽ കുറിച്ചു. ട്രംപിന്‍റെ പദ്ധതിക്ക് ഷെരീഫും മുനീറും 100 ശതമാനം പിന്തുണ നൽകിയെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, "ഈ രേഖ യുഎസിന്‍റേതാണ്, ഞങ്ങളുടേതല്ല" എന്ന് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചു.

അറബ്-മുസ്ലീം രാജ്യങ്ങൾ ആദ്യം അംഗീകരിച്ച കരാറിൽ നിന്ന് വ്യത്യസ്തമായി, ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഇടപെടൽ മൂലം പദ്ധതിക്ക് അവസാന നിമിഷം മാറ്റങ്ങൾ വരുത്തിയതായി യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തതും പൊതുജനങ്ങളുടെ രോഷം വർദ്ധിപ്പിച്ചു. പലസ്തീനികളുടെ സ്വയം നിർണ്ണയാവകാശം ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി വിട്ടുകൊടുക്കുന്ന വിൽപ്പനയായാണ് ട്രംപിന്‍റെ സമാധാന പദ്ധതിയെ വിമര്‍ശകര്‍ ഇപ്പോൾ കാണുന്നത്

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ
പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം