കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് കടത്ത്: പാക് ബോട്ട് ലക്ഷ്യമിട്ടത് ലക്ഷദ്വീപും ശ്രീലങ്കയും

Published : May 16, 2023, 07:38 AM IST
കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് കടത്ത്: പാക് ബോട്ട് ലക്ഷ്യമിട്ടത് ലക്ഷദ്വീപും ശ്രീലങ്കയും

Synopsis

ഹാജി സലീം നെറ്റ്‌വർക്കാണ് പിന്നിലെന്ന് എൻസിബി ശരിവെക്കുന്നു. ഇവരുടെ ഇന്ത്യയിലെ കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്

കൊച്ചി: ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്നും 25000കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ കേസിൽ, പാക് ബോട്ട് ലക്ഷ്യം വച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമെന്ന് കണ്ടെത്തൽ. നാവികസേന പിന്തുടർന്നതോടെ അന്താരാഷട്ര കപ്പൽ ചാലിലേക്ക് ബോട്ട് വഴി മാറ്റുകയായിരുന്നു. മുക്കിയ കപ്പലിൽ നാല് ടൺ മയക്കുമരുന്ന് ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. ഇത് ഇന്ത്യൻ സമുദ്രാതിർത്തിയിലാണോ അല്ല അന്താരാഷ്ട്ര കപ്പൽ ചാലിലാണോ മുക്കിയതെന്ന് പരിശോധിക്കുന്നുണ്ട്. ഹാജി സലീം നെറ്റ്‌വർക്കാണ് പിന്നിലെന്ന് എൻസിബി ശരിവെക്കുന്നു. എന്നാൽ ഇന്ത്യയിലെ കണ്ണികളെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 

കേസിൽ റിമാൻഡിലായ പാക്ക് പൗരൻ സുബൈറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാർകോടിക്സ് കൺട്രോൾ ബ്യൂറോ ഇന്ന് അപേക്ഷ നൽകും. ഇന്നലെ മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പാക്ക് പൗരൻ സുബൈറിനെ പതിനാല് ദിവസത്തെക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാൾ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതായും വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കപ്പലിൽ നിന്ന് രക്ഷപ്പെട്ടവർക്കായുള്ള അന്വേഷണവും ഊർജജിതമാണ്. മയക്കുമരുന്നു കടത്തിൽ തീവ്രവാദ ബന്ധം കണ്ടെത്താൻ എൻഐഎയും അന്വേഷണത്തിന്റെ ഭാഗമാകും.

ഇറാനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടന്ന ബോട്ടിൽ നിന്നാണ് 25000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയത്. ഈ ബോട്ടിൽ നിന്നും പിടിയിലായ പാക്ക് സ്വദേശി സുബൈർ ദെറക്‌ഷായെ ചോദ്യം ചെയ്തതിൽ പാക്ക് ബന്ധങ്ങൾ വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ നേവിയും എൻസിബിയും കണ്ടെത്തിയതിലും ഇരട്ടിയിലേറെ അളവിൽ മയക്കുമരുന്ന് വിവിധ ബോട്ടുകളിലായി ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണക്കാക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച മദർഷിപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം.

മയക്കുമരുന്നിന്‍റെ ഉറവിടം ഇറാൻ-- പാക്കിസ്ഥാൻ ബെൽറ്റ് തന്നെയെന്ന് ഉറപ്പിക്കുമ്പോഴും ഇന്ത്യയിൽ കണ്ണികളാരൊക്കെ എന്നതാണ് അന്വേഷണത്തിലെ അടുത്ത ഘട്ടം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാക്ക് ബോട്ടിൽ നിന്നും രക്ഷപ്പെട്ട ആറ് പേർക്കായി തെരച്ചിൽ തുടരുന്നുണ്ട്. പാക്കിസ്ഥാൻ ബന്ധത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാൻ എൻഐഎയും കേസിൽ ഭാഗമായത്.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം