പാലായിലെ തോൽവി: യുഡിഎഫ് നേതൃത്വത്തെ കുറ്റപ്പെടുത്തി പിജെ ജോസഫ്

By Web TeamFirst Published Oct 25, 2019, 12:06 PM IST
Highlights
  • ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പിജെ ജോസഫ്
  • പാലായിൽ രണ്ടില ചിഹ്നം ഇല്ലാതെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു യുഡിഎഫ് നേതൃത്വം പറഞ്ഞതെന്നും ജോസഫ്

കോട്ടയം: പാലായിലെ ഉപതെരഞ്ഞെടുപ്പിലെ തോൽവി യുഡിഎഫ് ഏറ്റുവാങ്ങിയതാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ്. പാലായിൽ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ ചിഹ്നമില്ലാതെ മത്സരിച്ചാലും പാലായിൽ ജയിക്കുമെന്നായിരുന്നു യുഡിഎഫ് നേതൃത്വം പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നീണ്ട 54 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച കെഎം മാണിയുടെ വിയോഗത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായ മാണി സി കാപ്പൻ ചരിത്ര വിജയം നേടിയത്. കേരള കോൺഗ്രസിലുണ്ടായിരുന്ന തർക്കത്തെ തുടർന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല.

"പാലായിലെ തോൽവി യുഡിഎഫ് നേതൃത്വം ഏറ്റുവാങ്ങിയതാണ്. ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിഹ്നം ഇല്ലെങ്കിലും ജയിക്കും എന്നതായിരുന്നു യുഡിഎഫ് നിലപാട്," അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി ആരംഭിച്ചു. ഇന്ന് നടക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനുള്ള പിജെ ജോസഫിന്‍റെ നിര്‍ദേശം ജോസ് കെ മാണി പക്ഷത്തുള്ള എംഎല്‍എമാർ തള്ളി. റോഷി അഗസ്റ്റിനും എന്‍.ജയരാജും യോഗത്തിൽ പങ്കെടുക്കില്ല.

ഇന്നു വൈകുന്നേരം ആറ് മണിക്ക് കോട്ടയത്താണ് പിജെ ജോസഫ് കേരള കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ പങ്കെടുക്കണമെന്നും നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാണ് യോഗമെന്നും കാണിച്ച് പിജെ ജോസഫ് റോഷി അഗസ്റ്റിനും എന്‍.ജയരാജിനും കത്തും നല്‍കി. 

എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഇരുവരും ജോസഫിന് മറുപടി നല്‍കുകയായിരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം വിളിക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് മാത്രമേയുള്ളൂവെന്ന് ജോസഫിന് നല്‍കിയ കത്തില്‍ ജയരാജും റോഷിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമസഭയിലെ തൽസ്ഥിതി തുടരാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്നും ജോസഫിനയച്ച കത്തിൽ ഇവർ ആവശ്യപ്പെട്ടു. 

click me!