'രണ്ടില' കിട്ടുമെന്ന് ജോസ് ടോം; പ്രശ്നം യുഡിഎഫ് നേതൃത്വം പരിഹരിക്കുമെന്ന് ജോസ് കെ മാണി

By Web TeamFirst Published Sep 3, 2019, 10:28 AM IST
Highlights

രണ്ടില ചിഹ്നത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും  ഈ വിഷയത്തിൽ ആരുമായും തർക്കത്തിനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. ഇതിനായുള്ള തുടർ നിയമനടപടികൾ പാർട്ടി സ്വീകരിക്കുമെന്നും ജോസ് ടോം പറഞ്ഞു.

അതേസമയം, ചിഹ്നത്തിന്റെ വിഷയം യുഡിഎഫ് ഇടപെട്ട് തീർക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. രണ്ടില ചിഹ്നത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും  ഈ വിഷയത്തിൽ ആരുമായും തർക്കത്തിനില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.  യുഡിഎഫ് ഇടപെട്ട്  പ്രശ്നങ്ങളെല്ലാം  തീർക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസ് പക്ഷം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അവകാശം സ്റ്റിയറിംഗ് കമ്മിറ്റിക്കാണെന്നും അതിനാൽ രണ്ടില ചിഹ്നം അനുവദിക്കുന്നതിൽ നിയമ തടസ്സമില്ലെന്നും ജോസ് പക്ഷം പറഞ്ഞു.

ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്‍റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. പി ജെ ജോസഫ് അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗികമായി ചർച്ച നടത്തിയെന്നും മീണ വ്യക്തമാക്കിയിരുന്നു. 
 

click me!