പാലായിലെ വികസന പ്രവർത്തനങ്ങളിൽ എംഎൽഎ മാണി സി കാപ്പൻ വേണ്ടത്ര ഇടപെടുന്നില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ആരോപിച്ചു. കെഎം മാണി നടത്തിയ വികസനത്തിനപ്പുറം മറ്റൊന്നും പാലായിൽ നടന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
കോട്ടയം: പാലാ എം എൽ എ മാണി സി കാപ്പനെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പാലായിലെ വികസന പ്രവർത്തനങ്ങളിൽ എം എൽ എ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്നും എന്നിട്ട് വികസനം മുടക്കുന്നത് ജോസ് കെ മാണിയാണെന്ന് പറഞ്ഞു നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ വികസന അവലോകന യോഗങ്ങളിൽ പോലും പങ്കെടുക്കാതെയും ഒരു വിഷയത്തിലും ഫോളോ അപ്പ് നടത്താതെയും മറ്റുള്ളവരെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നും ജോസ് അഭിപ്രായപ്പെട്ടു. പാലായിൽ കെ എം മാണി നടത്തിയ വികസന പ്രവർത്തനങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും അതിനപ്പുറം മാണി സി കാപ്പൻ എന്ത് ചെയ്തെന്നും ജോസ് കെ മാണി ചോദിച്ചു. എൽ ഡി എഫ്. മധ്യമേഖല ജാഥയുമായി ബന്ധപ്പെട്ട് കെ കെ ശൈലജ, പി പി സുനീർ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ജോസിന്‍റെ വിമർശനം. മലപ്പുറം ജില്ലാ വിഭജനത്തെക്കുറിച്ചുള്ള സമസ്തയുടെ പ്രമേയത്തോടും അദ്ദേഹം പ്രതികരിച്ചു. മലപ്പുറം ജില്ല വിഭജിക്കണമെന്ന അഭിപ്രായം തനിക്കും പാർട്ടിക്കും ഇല്ലെന്നും വികസനപ്രവർത്തനങ്ങൾ എല്ലായിടത്തും കൃത്യമായി നടക്കുന്നുണ്ടെന്നും ബാക്കി കാര്യങ്ങൾ സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.



