പാലാ ഉപതെരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള അവസാനതീയതി ഇന്ന്, യുഡിഎഫിന്റെ ചിഹ്നം ഇന്നറിയാം

By Web TeamFirst Published Sep 7, 2019, 6:28 AM IST
Highlights

പൈനാപ്പിള്‍ കഴിഞ്ഞാല്‍ ഓട്ടോറിക്ഷയും ഫുട്ബോളുമാണ് ജോസ് ടോം മുൻഗണനയായി നല്‍കിയിരിക്കുന്നത്.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശിക പത്രിക പിൻവലിക്കാനുള്ള സമയ പരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ഏത് ചിഹ്നം കിട്ടുമെന്ന് ഇന്നറിയാനാകും.

ചിഹ്നം ഉറപ്പുള്ള രണ്ടേ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ആണ് പാലായിലുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും ബിജെപി സ്ഥാനാര്‍ത്ഥി ഹരിയും. ക്ലോക്ക് ചിഹ്നത്തിലാണ് മാണി സി കാപ്പൻ മത്സരിക്കുക. താമര ചിഹ്നത്തിൽ എൻ ഹരിയും മത്സരിക്കും. പേരിന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെങ്കിലും ജോസ് ടോമിന്‍റെ ചിഹ്മനറിയാൻ വൈകിട്ട് മൂന്ന് മണി വരെ കാത്തിരിക്കണം.

രണ്ടിലയില്‍ സംശയമുണ്ടായപ്പോള്‍ ജോസ് ടോം പകരം മുൻഗണന നല്‍കിയത് പൈനാപ്പിളിനാണ്. പക്ഷേ പൈനാപ്പിളും ഇപ്പോള്‍ ഉറപ്പിക്കാനാകില്ല. കാരണം, പൈനാപ്പിള്‍ മറ്റൊരു സ്ഥാനാര്‍ത്ഥികൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആദ്യം പത്രിക നല്‍കിയതാരാണെന്ന് പരിശോധിച്ച് അവർക്ക് ചിഹ്നം നല്‍കും. തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ 2018ലെ ഉത്തരവ് പ്രകാരം പട്ടികയില്‍ പൈനാപ്പിള്‍ ഉണ്ട്.

പൈനാപ്പിള്‍ കഴിഞ്ഞാല്‍ ഓട്ടോറിക്ഷയും ഫുട്ബോളുമാണ് ജോസ് ടോം മുൻഗണനയായി നല്‍കിയിരിക്കുന്നത്. പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിയുന്നതോടെ മാത്രമേ ചിഹ്നം അനുവദിക്കുന്ന നടപടികളിലേക്ക് വരണാധികാരി കടക്കുകയുള്ളൂ. സൂഷ്മ പരിശോധനയ്ക്ക് ശേഷം 14 പേരാണ് മത്സരരംഗത്തുള്ളത്.
 

click me!