അപകീർത്തിപ്പെടുത്തിയ കേസ്; പ്രതികൾക്കെതിരെ തെളിവുണ്ടായിട്ടും നീതി നിഷേധിക്കപ്പെടുന്നുവെന്ന് സിസ്റ്റർ ലൂസി

By Web TeamFirst Published Sep 7, 2019, 5:56 AM IST
Highlights

കഴിഞ്ഞ മാസം 20-നാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കവലിനെതിരെ വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിലടക്കം ഫാ. നോബിൾ അപവാദ പ്രചരണം നടത്തിയത്. 

വയനാട്: സിസ്റ്റർ ലൂസി കളപ്പുരയെ വീഡിയോയിലൂടെ അപകീർത്തിപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം ഇഴയുന്നു. കേസ് രജിസ്റ്റർ ചെയ്ത് 17 ദിവസം പിന്നിട്ടിട്ടും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. വയനാട് വെള്ളമുണ്ട പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഫാ. നോബിളിനെയും കേസിലെ മറ്റ് പ്രതികളായ മഠത്തിലെ ആറ് കന്യാസ്ത്രീകളെയും ചോദ്യം ചെയ്തുകഴിഞ്ഞു. എന്നാല്‍, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും സിസ്റ്റർ ലൂസിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ഒരുങ്ങുകയാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളമുണ്ട സിഐയുടെ വിശദീകരണം. ഇത് പൂർത്തിയായാലേ അറസ്റ്റിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും സിഐ പ്രതികരിച്ചു.

അതേസമയം, പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് പരാതിക്കാരിയായ സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. പരാതി കൊടുത്തതിന് ശേഷം മഠത്തിൽ മൂന്ന് ക്യാമറകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. കേസിൽ നടപടി എടുക്കാത്തതിനാലാണ് ഇത്രയും ദാർഷ്ട്യത്തോടെ മഠത്തിലുള്ളവർ പൊരുമാറുന്നത്. മുൻ വശത്തെ വാതിൽ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫാ. നോബിൾ പറഞ്ഞ പിൻവാതിലിലൂടെ തന്നെ വരണം. നീതി നേടിയെടുക്കുമെന്നും ഇത്തരത്തിലുള്ള തെറ്റുകൾ ഇനി ആവർത്തിക്കപ്പെടരുതെന്നും സിസ്റ്റർ ലൂസി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം 20-നാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കവലിനെതിരെ വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിലടക്കം ഫാ. നോബിൾ അപവാദ പ്രചരണം നടത്തിയത്. തുടർന്ന് തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് സിസ്റ്റർ ലൂസി നേരിട്ട് പരാതി നല്‍കി. മഠത്തില്‍ തന്നെ കാണാന്‍ എത്തിയ മാധ്യമപ്രവർത്തകരുടെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് അപവാദ പ്രചാരണം നടത്തിയതെന്ന് സിസ്റ്റർ പരാതിയിൽ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുക, മാനഹാനി വരുത്തുംവിധം അപവാദ പ്രചരണം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

click me!