
കോട്ടയം: പാല നഗരസഭയിലെ ആഭ്യന്തര കലാപത്തിൽ അന്തിമ തീരുമാനം കെ പി സി സിക്ക് വിട്ട് കോൺഗ്രസ് ജില്ല നേതൃത്വം. മുൻപ് പലതവണ ജില്ല നേതാക്കൾ ശ്രമിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്തത്തോടെയാണ് സംസ്ഥാന നേതാക്കളുടെ ഇടപെടൽ തേടിയത്. അന്ന് ഭരണംപിടിച്ചത് അഭിമാനം എന്ന് പറഞ്ഞ യു ഡി എഫിന് ഇന്ന് അപമാനമാകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഒന്നിന് പുറകെ ഒന്നായി തുടരുന്ന തർക്കങ്ങളാണ് നഗരസഭയിൽ. എം പിയും എം എൽ എയും സകല നേതാക്കളും ഇടപെട്ടിട്ടും തീരാത്തത്ര പ്രശ്നങ്ങൾ. ഇതിനെല്ലാം ഒടുവിലാണ് സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയത്. കുഴഞ്ഞ് മറിഞ്ഞ തമ്മിലടി ഇനി ജില്ല നേതൃത്വത്തിന്റെ കൈയ്യിൽ നിൽക്കില്ല. ഇതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യം ശക്തമായത്. സമാധാനമായി ഭരണം മുന്നോട്ട് പോകില്ലെന്ന വിലയിരുത്തലാണ് ജില്ലാ കോൺഗ്രസ് നേതൃത്തത്തിന്. ഇങ്ങനെയൊരു ഭരണം തുടരണോ എന്ന് ചോദിക്കുന്ന നേതാക്കളുമുണ്ട് കോൺഗ്രസിൽ. സ്വതന്ത്ര കൂട്ടായ്മ ക്കെതിരെ ആദ്യം ശബ്ദമുയർത്തിയത് നഗരസഭയിലെ ചില കൗൺസിലർമാർ ആയിരുന്നെങ്കിലും ഇപ്പോൾ പ്രാദേശിക പാർട്ടി ഒന്നാകെ എതിർ അറിയിക്കുകയാണ്. ഐക്യകണ്ഠേനയാണ് മണ്ഡലം കമ്മിറ്റി ഇന്നലെ പ്രമേയം പാസാക്കിയത്. എന്നാൽ മണ്ഡലം കമ്മിറ്റിയുടെ പ്രമേയം മുഖവിലയ്ക്കെടുക്കുന്നില്ല എന്നാണ് സ്വതന്ത്ര കൂട്ടായ്മയായ പുളിക്കകണ്ടം കുടുംബത്തിന്റെ പ്രതികരണം. മുതിർന്ന നേതാക്കൾ ഔദ്യോഗികമായി അറിയിച്ചാൽ നിലപാട് പറയുമെന്നും സ്വതന്ത്ര കൂട്ടായ്മ. അവിശ്വാസപ്രമേയത്തിനുള്ള സാഹചര്യം ഒഴിവാക്കുമെന്ന് നേരത്തെ തന്നെ സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ പറഞ്ഞിട്ടുണ്ട്.
അതേസമയം ഭരണപക്ഷത്ത് പ്രതിസന്ധി രൂക്ഷമാകുമ്പോഴും സ്ഥിതിഗതികൾ നോക്കി മാത്രം നിലപാട് എടുക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിലവിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം നീക്കങ്ങൾ വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തർക്കങ്ങൾ ഏതു രീതിയിൽ മുന്നോട്ടു പോകുമെന്ന് നിരീക്ഷിക്കുകയാണ് എൽ ഡി എഫ്. പാലയിലേത് യു ഡി എഫിന്റെ ആഭ്യന്തര പ്രശ്നമാണെന്നും കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി പ്രതികരിച്ചു. സ്വതന്ത്ര മുന്നണിയുമായി സഹകരിച്ചാൽ അപകടമാണെന്ന് നേരത്തെ തന്നെ അറിയാമായിരുന്നെന്നും കേരള കോൺഗ്രസ് എം അവരുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ നഗരസഭയിൽ ഭരണപ്രതിസന്ധിയുണ്ടെന്നത് യാഥാർത്ഥ്യമാണ്, എന്നാൽ നഗരസഭ അനാഥമാകാൻ പാടില്ലെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നിരീക്ഷിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ പ്രതികരിച്ചത്. സ്വതന്ത്ര മുന്നണിയുമായി സഹകരിക്കാൻ തങ്ങൾക്കും താല്പര്യമില്ല. നഗരസഭയിൽ കടുത്ത ഭരണപ്രതിസന്ധിയാണ് നിലവിലുള്ളത്. ചെയർപേഴ്സൺ അടക്കമുള്ളവർ സ്വയം രാജി വെക്കാൻ തയ്യാറാകുകയാണെങ്കിൽ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരേണ്ട ആവശ്യം വരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam