
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം എൻഡിഎയ്‌ക് വിജയസാധ്യത കൂട്ടുന്നുവെന്ന് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി. പാലായിൽ യുഡിഎഫിലെയും ഇടത് മുന്നണിയിലെയും പടലപിണക്കങ്ങൾ എൻഡിഎയ്‌ക് അനുകൂലമാകുമെന്നും എൻ ഹരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇടതു മുന്നണി സ്ഥാനാർത്ഥി മത്സരിക്കാൻ മാത്രം എത്തുന്നയാളാണെന്നും കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ അവരുടെ പാർട്ടിക്കാർ തന്നെ അംഗീകരിക്കുന്നില്ലെന്നും എൻ ഹരി പറഞ്ഞു. പാലായിൽ സഹതാപ തരംഗമില്ലെന്നും എൻ ഹരി അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് പാലായിലെ എൻഡിഎ സ്ഥാനാർത്ഥി ആയി കോട്ടയം ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ ഹരി തെരഞ്ഞെടുത്തത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതായിരുന്നു തീരുമാനം. സംസ്ഥാന നേതൃത്വം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്നാണ് കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻ പിള്ള അറിയിച്ചിരുന്നു.
എബിവിപിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കും യുവ മോർച്ചയിൽ നിന്ന് ബിജെപി നേതൃത്വത്തിലേക്കും എത്തിയ ഹരി കഴിഞ്ഞ മൂന്ന് വർഷമായി ജില്ലാ പ്രസിഡന്‍റ് ആയി തുടരുകയാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.
മതന്യൂനപക്ഷങ്ങളുടെ പിന്തുണയുണ്ടാകുമെന്നും എൻഡിഎയ്ക്കുള്ളിൽ പ്രശ്നങ്ങളില്ലെന്നും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ഹരി വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 27-നാണ് വോട്ടെണ്ണല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam