
കോട്ടയം: പാലാ ഇത്തവണ ആർക്കൊപ്പം എന്നതാണ് കോട്ടയത്തെ പ്രധാന ചർച്ച. കെ എം മാണിയുടെ ഏഴാം ചരമ വാർഷിക ദിനത്തിൽ നടന്ന വോട്ടെടുപ്പിൽ പാലായുടെ വികാരം അനുകൂലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം കേന്ദ്രങ്ങൾ വിലയിരുത്തുന്നു. സി പി എം വോട്ടുകളും പൂർണ്ണമായി പെട്ടിയിലായെന്ന് വിലയിരുത്തുന്നു. അതേസമയം സഭാ വോട്ടുകളിൽ പ്രതീക്ഷയിലാണ് മാണി സി കാപ്പൻ ക്യാമ്പ്. ജോസ് കെ മാണി വിരുദ്ധ വോട്ടുകൾ ഇക്കുറിയും അനുകൂലമായെന്നാണ് അവരുടെ കണക്ക് കൂട്ടൽ. ജോസ് കെ മാണി വിരുദ്ധ വോട്ടുകളിൽ ഒരു ഭാഗം കിട്ടിയിട്ടുണ്ടെന്ന് ഷോൺ ജോർജ് ക്യാമ്പ് അവകാശപ്പെടുന്നു. അതേസമയം എഫ്സിആർഎ ആശങ്ക എൻഡിഎയ്ക്ക് തിരിച്ചടിയായേക്കുമെന്നും വിലയിരുത്തപ്പെടുന്നു. മുൻ വർഷത്തേക്കാൾ പാലായിൽ പോളിങ് ശതമാനം കൂടിയിട്ടുണ്ട്.
യുഡിഎഫ് തരംഗമാണെങ്കിൽ ഒൻപതിൽ പരമാവധി ഏഴ് സീറ്റിൽ വരെ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കോട്ടയത്തെ യുഡിഎഫ്. മൂന്ന് സീറ്റ് നേടുമെന്നാണ് എൽഡിഎഫ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സിറ്റിംഗ് സീറ്റുകളിൽ ചിലത് നഷ്‌ടമാകുമെന്ന ആശങ്ക ഇപ്പോൾ ഇടത് ക്യാംപിനുണ്ട്. മന്ത്രി വി എൻ വാസവൻ മത്സരിക്കുന്ന ഏറ്റുമാനൂരിൽ ശബരിമല വിഷയം തിരിച്ചടിയായിട്ടുണ്ടോ, ഈഴവ വോട്ട് വിഭജിക്കപ്പെട്ടിട്ടുണ്ടോ എന്ന ആശങ്ക എൽഡിഎഫിനുണ്ട്. പൂഞ്ഞാറിൽ സ്വതന്ത്രനായി നിന്നപ്പോൾ ലഭിച്ച പിന്തുണ ഇത്തവണ പി സി ജോർജിനില്ല എന്നാണ് എൽഡിഎഫ് - യുഡിഎഫ് വിലയിരുത്തൽ. അതേസമയം നാല് മണ്ഡലങ്ങളിലെങ്കിലും വോട്ട് വിഹിതം ഉയരുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.
പാലായിൽ വികസനമില്ല എന്ന എൽഡിഎഫ് ക്യാംപിന്‍റെ പ്രചാരണം വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്നാൽ മാണി സി കാപ്പൻ വലിയ ആത്മവിശ്വാസത്തിലാണ്. 65,000 വോട്ട് തനിക്ക് കിട്ടുമെന്നും 16,000 - 20,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയിക്കും എന്നുമാണ് മാണി സി കാപ്പൻ പറയുന്നത്. സഭാ വോട്ടുകൾ ഒരിക്കലും ബിജെപിക്ക് കിട്ടില്ല. തന്‍റെ ഭൂരിപക്ഷം പതിനാറായിരമാണോ അതോ ഇരുപതിനായിരമോ എന്നതിലേ ആശങ്കയുള്ളൂവെന്നും മാണി സി കാപ്പൻ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam