ലഭ്യമായ എല്ലാ ആധുനിക ചികിത്സ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും ‌വിശദമാക്കി.

കണ്ണൂർ: പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണത്തിൽ മരണത്തിൽ വിശദീകരണവുമായി ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ. കുഞ്ഞിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നൽകിയത്. ലഭ്യമായ എല്ലാ ആധുനിക ചികിത്സ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും ‌വിശദമാക്കി.

പയ്യന്നൂര്‍ സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ഇന്നലെ രാത്രിയാണ് കണ്ണൂര്‍ ബി എം എച്ച് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് കുട്ടിയുടെ മരണം സംഭവിച്ചത്. പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. പരിയാരം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം. കഴിഞ്ഞ ഞായറാഴ്ചയാണ് കളിക്കുന്നതിനിടെ വീണ് മുഖത്തു മുറിവേറ്റ കുഞ്ഞിനെ പയ്യന്നൂര്‍ ബി എം എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സ്റ്റിച്ചിടാന്‍ വേണ്ടി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കണ്ണൂര്‍ ബി എം എച്ച് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ ബി എം എച്ച് ആശുപത്രിയിലെ ഡോക്ടറായ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തിരുന്നു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും അപ്രതീക്ഷിതമായി കുട്ടിക്ക് ആരോഗ്യ പ്രശ്നമുണ്ടാവുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming