പൊതുജന സമ്പര്‍ക്കമുള്ളവര്‍ക്ക് കൊവിഡ്; കടുത്ത ആശങ്കയില്‍ പാലക്കാടും കോഴിക്കോടും

By Web TeamFirst Published May 28, 2020, 7:23 PM IST
Highlights

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് പാലക്കാട് ജില്ലയില്‍. 105 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. അതിര്‍ത്തി ജില്ല കൂടിയായ പാലക്കാട്ട്  സാമൂഹിക വ്യാപന സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് പാലക്കാട് ജില്ലയില്‍. 105 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. അതിര്‍ത്തി ജില്ല കൂടിയായ പാലക്കാട്ട്  സാമൂഹ്യവ്യാപന സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന. ഇന്ന് രണ്ടുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്.  ഇതില്‍ ഒരാള്‍ റേഷന്‍കട ഉടമയായ സ്ത്രീയാണ്. ഇവരുടെ മകന്‍റെ സമ്പര്‍ക്ക സാധ്യത കണക്കിലെടുത്ത് സാമ്പില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനിടെയാണ് അമ്മയ്ക്ക് രോഗം സ്ഥിരീരിച്ചിരിക്കുന്നത്. ധര്‍മ്മടത്തേതിന് സമാനമായ രീതിയിലാകാം ഇവിടെയും രോഗം ബാധിച്ചതെന്നാണ് സംശയം. 

ഇന്ന് 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 14 എണ്ണവും പുറത്തുനിന്ന് വന്നവരാണെന്നത് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ പാലക്കാട് വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്.  അതിര്‍ത്തി കടന്ന് ശരാശരി 2000 പേരാണ് പാലക്കാട് വഴി എത്തുന്നത്. ചെന്നൈല്‍ നിന്ന് വന്ന അഞ്ചുപേര്‍, അബുദാബിയില്‍ നിന്ന് അഞ്ചുപേര്‍, മുംബൈ, കര്‍ണാകടക, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ എന്നിങ്ങനെയാണ് പുറത്തുനിന്ന് വന്നവര്‍ക്ക് രോഗം ബാധിച്ചവരുടെ കണക്ക്.

കോഴിക്കോട്ട് നിരവധിപേരുമായി സമ്പര്‍ക്കമുള്ള മത്സ്യക്കച്ചവടക്കാരനും കൊവിഡ്

കോഴിക്കോട് തൂണേരിയിലെ മത്സ്യക്കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് ഇന്ന് ഏറ്റവും ആശങ്ക വര്‍ധിപ്പിക്കുന്ന വാര്‍ത്തയാണ്. കൊവിഡ് ബാധിച്ച് മരിച്ച ധര്‍മടം സ്വദേശിയുടെ മക്കളുമായി സമ്പര്‍ക്കമുള്ള ഇദ്ദേഹം നിരവധി ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. മൊത്തക്കച്ചവടക്കാരനായ ഇദ്ദേഹമാണ് തൂണേരി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് മത്സ്യം വിതരണം ചെയ്യുന്നത്. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ശ്രമകരമാണെന്നാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും സൂചന നല്‍കുന്നു.

അതേസമയം തന്നെ ഇദ്ദേഹത്തിനും തലശ്ശേരി മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ അത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. തൂണേരിക്ക് പുറമെ നാദാപുരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള മത്സ്യവിതരണത്തിന്‍റെ വലിയൊരു ഭാഗവും തലശ്ശേരി മാര്‍ക്കറ്റില്‍ നിന്നാണ്. തലശ്ശേരിയുടെ വിവിധ ഭാഗങ്ങള്‍ക്ക് പുറമെ കല്ലാച്ചി, കക്കട്ടില്‍, കുറ്റ്യാടി തുടങ്ങിയ ഇടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലേക്കാണ് തലശ്ശേരി മാര്‍ക്കറ്റില്‍ നിന്ന് മത്സ്യവിതരണം നടക്കുന്നത്. മൊത്തക്കച്ചവടക്കാരില്‍ ആരൊക്കെ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നത് കണ്ടെത്തുന്നതും ശ്രമകരമാണ്. 

കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ പരമാവധി സമ്പര്‍ക്ക സാധ്യത കണ്ടെത്തി ക്വാറന്‍റീന്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് കണ്ണൂര്‍- കോഴിക്കോട് ജില്ലാ ഭരണകൂടങ്ങളും ആരോഗ്യവകുപ്പും. സമ്പര്‍ക്കസാധ്യതയുള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. പൊതുസമ്പര്‍ക്ക സാധ്യതയുള്ളവരും മുന്‍കരുതല്‍ എടുക്കണമെന്നുമാണ് മുന്നറിയിപ്പ്. 

click me!