
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാകുന്നതിനിടെ, യുഡിഎഫിന് കെ മുരളീധരനേക്കാൾ മികച്ച സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎല്‍എയുമായ കെ അച്യുതൻ. ചാനൽ ചർച്ചകളിലൂടെ രാഹുൽ ജനങ്ങൾക്കിടയിൽ ഏറെ പരിചിതനാണ്. ഇത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും കെ അച്യുതൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ കടുത്ത എതിർപ്പാണ് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ ഉയര്‍ത്തന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ നേതാക്കൾ പ്രതിഷേധം അറിയിച്ചു. പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. പാലക്കാട്ടെ മണ്ണിൽ രാഹുൽ അൺഫിറ്റാണെന്നും കെ മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
അതിനിടെ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. പാലക്കാട്ടെ ശോഭ സുരേന്ദ്രൻ പക്ഷമാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് കത്തയച്ചത്. ശോഭ മത്സരിച്ചാൽ ഈഴവ വോട്ടുകൾ ലഭിക്കുമെന്നും കൃഷ്ണകുമാർ അഴിമതിക്കാരനാണെന്നും കത്തില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam