
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തൽ. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. പ്രചാരണം നയിച്ച എംബി രാജേഷ് ഉൾപ്പെടെയുള്ളവർക്ക് പക്വത കുറവെന്ന വിമര്‍ശനവും ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ട്. സിപിഎമ്മിൽ ദൂരവ്യാപക ചർച്ചകൾക്ക് വഴി മരുന്നിടുന്നതാണ് പാലക്കാട്ടെ തോൽവി. സ്ഥാനാർഥിത്വം മാത്രമല്ല തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നയസമീപനങ്ങൾ വരെ വരും ദിവസങ്ങളിൽ ഇഴകീറി പരിശോധനക്ക് വിധേയമാകും.
മൂന്നാം സ്ഥാനത്ത് നിന്ന് നിലമെച്ചപ്പെടുത്തലിനപ്പുറം എന്ത് പ്രതീക്ഷിക്കണമെന്ന ചോദ്യവുമായാണ് സിപിഎം നേതാക്കൾ പാലക്കാടിന് വണ്ടി കയറിയത്.വീണു കിട്ടിയ സരിനെ വിദ്യയാക്കിയതിൽ തുടങ്ങി ആദ്യാവസാനം സസ്പെൻസ് ത്രില്ലറായിരുന്നു തെരഞ്ഞെടുപ്പ് കളം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നേരിയ വോട്ട് കൂടിയെന്നതാണ് ഏക പിടിവള്ളി. എന്നാൽ, ഇതിനായിരുന്നോ പി സരിനെ ഇറക്കിയതെന്ന മറുചോദ്യവും ഉയരുന്നുണ്ട്. പെട്ടി വിവാദം മുതൽ പരസ്യവിവാദം വരെ തൊട്ടതിലെല്ലാം പാലക്കാട്ട് കൈപൊള്ളിയെന്ന ചർച്ച ഫലം വരും മുമ്പെ സജീവമാണ്.
പ്രാദേശിക തലത്തിൽ നിന്ന് തെരഞ്ഞെടുപ്പ് നയിച്ച എംബി രാജേഷ് അടക്കമുള്ള നേതാക്കാൾക്ക് പക്വത കുറവുണ്ടായെന്ന വിമർശനവും പാലക്കാട്ടെ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്കുണ്ട്. അതെല്ലാം ഇനി വിശദമായ ചർച്ചക്ക് പാർട്ടി വിധേയമാക്കും. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫിനെ മുഖ്യശത്രുവാക്കിയപ്പോൾ ബിജെപിയോട് പലപ്പോഴും സ്വീകരിച്ചത് മൃദുസമീപനമായിപ്പോയെന്ന വിമർശനം ബാക്കിയാണ്.
പെട്ടി വിവാദത്തിൽ കോൺഗ്രസിനെ നേരിടാൻ ബിജെപിക്കൊപ്പം സിപിഎമ്മും ഒരുമിച്ചിറങ്ങിയതിലെ നാണക്കേട് ഇനിയും പാർട്ടിയെ വേട്ടയാടും. ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇടത്തോട്ട് വരുമെന്ന് ഉറപ്പിച്ചിട്ടും കോൺഗ്രസ് റാഞ്ചിയതാണ് മറ്റൊരു വീഴ്ച. ക്ലീൻ സർട്ടിഫിക്കറ്റ് ആദ്യം നൽകിയ സിപിഎം നേതാക്കൾ പിന്നീട് സന്ദീപിനെ വർഗ്ഗീയവാദിയാക്കിയുള്ള പ്രചാരണവും കോൺഗ്രസ് നന്നായി ഉപയോഗിച്ചു. സന്ദീപിന്‍റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ വൈകിപ്പോയെന്നാണ് വിമർശനം.
പ്രചാരണത്തിന്‍റെ ക്ലൈമാക്സിൽ സുപ്രഭാതത്തിലും സിറാജിലും നൽകിയ പരസ്യം തന്ത്രപരമായ മറ്റൊരു വീഴ്ചയായി. ഭൂരിപക്ഷ വിഭാഗത്തെയോ അതോ ന്യൂനപക്ഷങ്ങളെയോ ആരെ ഒപ്പം നിർത്തണമെന്നതിൽ വ്യക്തതയില്ലാത്ത വിധം പാളുന്നതായി പാലക്കാട്ടെ സിപിഎം അടവുനയങ്ങൾ. വർഗ്ഗീയശക്തികൾ കോൺഗ്രസിന് നൽകിയ വിജയമെന്ന് പുറത്ത് പറയുമ്പോഴും പാർട്ടി പരാജയം വിശദമായി പരിശോധിക്കും.
ശക്തികേന്ദ്രമായ പാലക്കാട് കുറഞ്ഞത് പതിനായിരം വോട്ടുകള്‍; ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam