സീറ്റുകൾ നിലനിർത്തി മുന്നണികൾ, പാലക്കാട് രാഹുൽ, ചേലക്കരയിൽ ചേലോടെ പ്രദീപ്; വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക

Published : Nov 23, 2024, 10:30 AM ISTUpdated : Nov 23, 2024, 12:46 PM IST
സീറ്റുകൾ നിലനിർത്തി മുന്നണികൾ, പാലക്കാട് രാഹുൽ, ചേലക്കരയിൽ ചേലോടെ പ്രദീപ്; വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക

Synopsis

വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഒരു ലക്ഷത്തിലേക്ക് ലീഡ് പിടിച്ചു. ചേലക്കരയിൽ ആറായിരത്തിന് മുകളിൽ ലീഡ് പ്രദീപ് നിലനിർത്തുന്നു. 

തിരുവനന്തപുരം : വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ ചേലോടെ യു ആർ പ്രദീപ്, പാലക്കാട് വിജയമുറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ അട്ടിമറികളില്ല. വയനാടും പാലക്കാടും യുഡിഎഫ് നിലനിർത്തിയപ്പോൾ ചേലക്കര ഇടതുപക്ഷവും നിലനിർത്തി. പാലക്കാട് പിടിക്കുമെന്നവകാശപ്പെട്ട ബിജെപിയും പി സരിനെ കോൺഗ്രസിൽ നിന്നുമെത്തിച്ച് സ്ഥാനാർത്ഥിയാക്കിയ ഇടതുപക്ഷവും അമ്പേ പരാജയപ്പെട്ടു. 

പാലക്കാട് മണ്ഡലത്തിൽ ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. പോസ്റ്റൽ വോട്ടുകളിലും ആദ്യ റൌണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. രണ്ടാം റൌണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൌണ്ടിൽ ബിജെപിയിൽ നിന്നും തിരിച്ചടിയുണ്ടായെങ്കിലും ഏഴാം റൌണ്ടിൽ വീണ്ടും ലീഡ് തിരിച്ച് പിടിച്ചു. അഞ്ചാം റൌണ്ടിൽ ബിജെപി സ്വാധീനമേഖലയായ മൂത്താന്തറ ഉൾപ്പെടുന്ന മേഖലയിലാണ് ബിജെപി ലീഡ് എടുത്തത്. 

പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരനുണ്ടാക്കിയ നേട്ടമുണ്ടാക്കാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ല. നഗരസഭയിൽ ഇത്തവണ ബിജെപിക്ക് കുറഞ്ഞ വോട്ടുകൾ, കോൺഗ്രസിലേക്കാണ് വോട്ട് ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് നഗരസഭയിൽ കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.  

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. അതേ സമയം മണ്ഡലത്തിൽ ബിജെപി വോട്ടുപിടിച്ചു. 

വയനാട്ടിൽ പ്രിയങ്ക ഗാന്ധി വലിയ മുന്നേറ്റമുണ്ടാക്കുന്നു. ഭൂരിപക്ഷം 3.5 ലക്ഷം കടന്ന് മുന്നേറുകയാണ്. നാല് ലക്ഷം ഭൂരിപക്ഷം കടക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്രന് 65 വോട്ട്, ബിജെപിക്ക് 8; മണ്ണാർക്കാട് നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം
'കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി': ഒളിയമ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന, പോസ്റ്റിനു താഴെ അസഭ്യവർഷം