
പാലക്കാട്: പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വാഗതം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും. ഷുക്കൂറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി ദേശീയ കൗണ്‍സിൽ അംഗം എൻ ശിവരാജൻ ഷുക്കൂറിന്‍റെ വീട്ടിലെത്തി. ഷുക്കൂറിനെ ചുറന്ന പരവതാനി വിരിച്ച് കാവി ഷാൾ അണിയിച്ച് സ്വീകരിക്കുമെന്നും എൻ ശിവരാജൻ പറഞ്ഞു. ഇതിനിടെ ഷുക്കൂറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് പാലക്കാട്ടെ ഡിസിസി നേതൃത്വം വ്യക്തമാക്കിയത്. അതേസമയം, ഷൂക്കൂര്‍ പാര്‍ട്ടി വിടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നുമാണ് പാലക്കാട്ടെ സിപിഎം നേതൃത്വത്തിന്‍റെ പ്രതികരണം.
ഷുക്കൂറിന് പ്രവർത്തിക്കാൻ പറ്റിയ പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും സ്വാഗതം ചെയ്യുകയാണെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ പറഞ്ഞു. ഷുക്കൂർ വരുന്നത് യുഡിഎഫിന് ഗുണം ചെയ്യും എന്ന് വി കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. നഗരസഭ കൗൺസിലർ എന്ന നിലയ്ക്ക് മികച്ച പ്രവർത്തനം നടത്തിയ ആളാണ് ഷുക്കൂർ. നഗര മേഖലയിൽ വരവ് പാർട്ടിക്ക് ഗുണം ചെയ്യും. എൽഡിഎഫിന്‍റെ ഭാഗമായി മികച്ച പ്രവർത്തനം നടത്തി ഞങ്ങൾക്ക് തലവേദന ഉണ്ടാക്കിയ ആളാണ് ഷുക്കൂർ. ശുക്കൂറുമായി പാർട്ടി നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വരവ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യും. ശുക്കൂറുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഷാഫി പറമ്പിൽ എംപിയും പറഞ്ഞു. ഷൂക്കൂര്‍ കോണ്‍ഗ്രസിലേക്ക് വന്നാൽ സ്വാഗതം ചെയ്യുമെന്നും ജനകീയനായ നല്ല നേതാവാണ് ഷുക്കൂറെന്നും വിഡി സതീശൻ പറഞ്ഞു.
എല്ലാം പരിഹരിക്കാൻ പാർട്ടിക്കറിയാമെന്നും കെ സുധാകരനും സതീശനും തമ്മിലെ തർക്കം പോലെയല്ലല്ലോ ഈ പ്രശ്‌നമെന്നുമായിരുന്നു ഷുക്കൂര്‍ വിഷയത്തിൽ മന്ത്രി എംബിരാജേഷിന്‍റെ പ്രതികരണം. ഷുക്കൂർ പാർട്ടി വിട്ടില്ലെന്ന് സപിഎം ബ്രാഞ്ച് സെക്രട്ടറി സാജിദ് പറഞ്ഞു. മാറി നിൽക്കുന്നത് ചെറിയ തെറ്റിദ്ധാരണ മൂലമാണ്. ഉച്ചയ്ക്ക് ശേഷം എൽഡിഎഫ് പ്രചാരണത്തിൽ സജീവമാകുമെന്നും സാജിദ് പറഞ്ഞു.
അതേസമയം, ബിജെപിയിലേക്കോ കോണ്‍ഗ്രസിലേക്കോ പോകുന്ന കാര്യത്തിൽ ഷുക്കൂര്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. കോൺഗ്രസിലേക്ക് പോകണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഷുക്കൂർ പറഞ്ഞു. പാർട്ടി വിട്ടത് ജില്ല സെക്രട്ടറിയുടെ മോശം പെരുമാറ്റം കാരണമാണ്. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട് പണി എടുത്തിട്ടും അവഗണന മാത്രമാണ് നേരിട്ടതെന്നും ഷുക്കൂര്‍ പറഞ്ഞു.
പാർട്ടിയിൽ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് അബ്ദുള്‍ ഷുക്കൂര്‍ പാർട്ടി വിട്ടത്. സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിച്ചു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ.
ഷുക്കൂര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിർത്താനാണ് ശ്രമം. അതേസമയം, കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഷുക്കൂറിനെ കോൺഗ്രസിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായാണ് വിവരം. കോൺഗ്രസിൻ്റെ കൗൺസിലർ വഴിയായിരുന്നു ശ്രമം നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുൾ ഷുക്കൂർ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam