
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്ന് 11 അംഗങ്ങളെ ഉൾപ്പെടുത്തി പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചു. ഇവരിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. എംആർ മുരളി, കെ പ്രേംകുമാർ എംഎൽഎ, സുബൈദ ഇസ്ഹാഖ്, പൊന്നുക്കുട്ടൻ, ടി.കെ നൗഷാദ് എന്നിവരാണ് സെക്രട്ടേറിയേറ്റിലെത്തിയ പുതിയ അംഗങ്ങൾ.
പാ൪ട്ടിവിരുദ്ധ പ്രവ൪ത്തനത്തിന് പുറത്താക്കി തിരിച്ചെത്തിയ നേതാവാണ് എംആർ മുരളി. പാ൪ട്ടി വിട്ട് ടിപി ചന്ദ്രശേഖരനൊപ്പം ആർഎംപിയിൽ ചേ൪ന്ന് പ്രവ൪ത്തിച്ച ഇദ്ദേഹം വ൪ഷങ്ങൾക്കു ശേഷമാണ് വീണ്ടും സിപിഎമ്മിലെത്തിയത്. മുൻ ഷൊർണൂർ ഏരിയാ സെക്രട്ടറിയാണ്. മലബാ൪ ദേവസ്വം ബോ൪ഡ് പ്രസിഡൻറ് സ്ഥാനമാണ് പാർട്ടിയിൽ തിരിച്ചെത്തിയ മുരളിക്ക് നൽകിയത്. ഈ സ്ഥാനത്ത് കാലാവധി പൂ൪ത്തിയാക്കിയ ശേഷം വീണ്ടും പാ൪ട്ടിയുടെ പ്രധാന കമ്മിറ്റിയിലേക്ക് മുരളിയെത്തുന്നത്.
മുൻ എം എൽ എ വി.കെ ചന്ദ്രനെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ഒഴിവാക്കി. ഇദ്ദേഹം പികെ ശശി പക്ഷ നേതാവാണ്. പികെ ശശിക്കെതിരെ നടപടിയെടുത്ത ശേഷവും പാർട്ടിയിൽ അദ്ദേഹത്തിനായി വാദിച്ച നേതാവ് ചന്ദ്രൻ. തൃത്താല കേന്ദ്രീകരിച്ച് പാർട്ടിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന് വികെ ചന്ദ്രനെ നേതൃത്വം താക്കിത് ചെയ്തിരുന്നു.
സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ് മത്സരിച്ചെങ്കിലും മാറ്റമുണ്ടാക്കാനായില്ല. വി.എസ് പക്ഷക്കാരനായിരുന്ന ഗോകുൽദാസിന് 45 അംഗ ജില്ലാ കമ്മിറ്റിയിൽ ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്. മുണ്ടൂരിൽ നിന്നുള്ള നേതാവായ ഇദ്ദേഹം മുൻപ് പാർട്ടിക്കെതിരെ പൊതുസമ്മേളനം വിളിച്ചുചേർത്ത് പരസ്യ പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നീട് പാർട്ടി ഇദ്ദേഹത്തെയടക്കം അനുനയിപ്പിച്ച് നിർത്തുകയായിരുന്നു. എന്നാൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് പിന്നീട് സ്ഥാനക്കയറ്റം നൽകിയിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam