
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രതികരിച്ച് പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. പരാതി അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെയെന്നും എ തങ്കപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നാണ് ഡിസിസി അധ്യക്ഷന്റെ വാദം. പരാതി വന്ന സമയത്തിൽ സംശയമുണ്ടെന്ന് പറഞ്ഞ എ തങ്കപ്പൻ ഇപ്പോൾ മറനീക്കി പുറത്തുവന്നത് എന്തിനെന്നും ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത് വരേ പരാതിക്കാരി എവിടെ ആയിരുന്നുമാണ് തങ്കപ്പൻ ചോദിക്കുന്നത്. 3 മാസം എന്ത് കൊണ്ടു പരാതി നൽകിയില്ല? പരാതി ഉണ്ടോ എന്നും അന്വേഷിച്ച് പോലീസ് നടക്കുക ആയിരുന്നല്ലോ. പരാതിക്ക് പിന്നിൽ ശബരിമല സ്വർണ മോഷണം മറയ്ക്കാനുള്ള നീക്കമാണെന്നും തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത മറക്കാനുള്ള നീക്കമാണെന്നും ഡിസിസി അധ്യക്ഷൻ ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി വന്നത് സംശയിക്കുന്നു. പരാതി അന്വേഷിക്കണം. ഈ കേസ് യുഡിഎഫിനെ ബാധിക്കില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.
ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് ഡിജിറ്റൽ തെളിവുകളുൾപ്പെടെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. നിർബന്ധിക ഭ്രൂണഹത്യ, ദേഹോപദ്രവം ഏൽപിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സുഹൃത്തിനെയും പ്രതി ചേർത്തിട്ടുണ്ട്. രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫും പ്രതിയാണ്. അടൂർ സ്വദേശിയാണ് ജോബി. തിരുവനന്തപുരം വലിയമല സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. നേമം സ്റ്റേഷനിലേക്ക് കേസ് കൈമാറിയിരിക്കുകയാണ്. നേമം സ്റ്റേഷൻ പരിധിയിലാണ് കൃത്യം നടന്നത്. ഇന്ന് പൊലീസ് യുവതിയുടെ രഹസ്യമൊഴിയെടുക്കും. ഇതിനായി നെയ്യാറ്റിൻകര കോടതിയിൽ അപേക്ഷ നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam